വ്യവസായങ്ങള്‍ തുടങ്ങാന്‍ ഇനി നൂലാമാലകളില്ല: നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം
മുക്കം: വ്യവസായ സംരംഭങ്ങള്‍ക്ക് കാലതാമസം കൂടാതെ അനുമതി നല്‍കണമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം.
വ്യവസായ സംരംഭങ്ങളുടെ സുഗമമായ നടത്തിപ്പിനായി നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തിക്കൊണ്ട് 'കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ആക്ട് 2018' എന്ന പേരില്‍ പുതിയ നിയമം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനും വ്യവസായ സംരംഭങ്ങളുടെ സുഗമമായ നടത്തിപ്പ് ഉദ്ദേശിച്ചുമാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. ഭേദഗതികള്‍ നടപ്പാക്കാന്‍ ചില തദ്ദേശസ്ഥാപനങ്ങള്‍ തടസവാദങ്ങള്‍ ഉന്നയിക്കുന്നുവെന്ന പരാതികള്‍ ലഭിച്ചതോടെയാണ് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്.
കേരളത്തെ വ്യവസായ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി നടപടിക്രമങ്ങള്‍ ലഘൂകരിക്കുവാന്‍ കേരള പഞ്ചായത്തീരാജ് ആക്ട്, കേരള മുനിസിപ്പാലിറ്റി ആക്ട്, കേരള പഞ്ചായത്ത് ആന്‍ഡ് മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ എന്നിവയിലാണ് ഭേദഗതികള്‍ വരുത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ ഫാക്ടറികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് 1994ലെ പഞ്ചായത്ത് ആക്ട് ഈ സ്ഥാപനങ്ങളെ 'ആപല്‍ക്കരവും അസഹ്യവുമായ വ്യാപാരങ്ങളും ഫാക്ടറികളും' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, പുതിയ ഭേദഗതി അനുസരിച്ച് 'വ്യവസായങ്ങളും ഫാക്ടറികളും വ്യാപാരങ്ങളും സംരംഭക പ്രവര്‍ത്തനങ്ങളും മറ്റു സേവനങ്ങളും' എന്ന് വിശേഷിപ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."