തൊടുപുഴയിലെ പഴക്കംചെന്ന സര്‍ക്കാര്‍ ഓഫിസും ഓര്‍മയാകുന്നു
തൊടുപുഴ: തൊടുപുഴയില്‍ നിലവിലുള്ളതില്‍ ഏറ്റവും പഴക്കം ചെന്ന സര്‍ക്കാര്‍ ഓഫീസുമായ സബ് രജിസ്ട്രാര്‍ ഓഫീസും ഓര്‍മ്മയാകാന്‍ പോകുന്നു.
മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിനും അനക്‌സ് നിര്‍മ്മാണത്തിനും ശേഷം തൊടുപുഴയിലെ പഴക്കം ചെന്ന ഓഫീസുകള്‍ എല്ലാം തന്നെ ഓര്‍മ്മയായപ്പോഴും നിലനിന്ന ചുരുക്കം ചില സര്‍ക്കാര്‍ ഓഫീസുകളിലൊന്നായിരുന്നു തൊടുപുഴ സബ് രജിസ്ട്രാര്‍ ഓഫീസ് . ഒരു നൂറ്റാണ്ടിലധികമായി തൊടുപുഴയിലെ ഭൂമി ക്രയവിക്രയങ്ങളുടെ സിരാ കേന്ദ്രമായ ഈ കെട്ടിടവും ഏതാനും ദിവസങ്ങള്‍ക്കകം നിലം പൊത്തും.
ഐക്യ കേരളത്തിനും സ്വാതന്ത്ര്യ ലബ്ദിക്കും മുമ്പേ നിലവില്‍ വന്നതാണ് തൊടുപുഴ സബ് രജിസ്ട്രാര്‍ ഓഫീസും അതു നില്ക്കുന്ന പഴയ കെട്ടിടവും . ഇടയ്ക്ക് ചില മോടിപിടിപ്പിക്കലുകളും കൂട്ടി ചേര്‍ക്കലുകളും നടത്തിയെങ്കിലും പഴമയുടെ സ്മാരകമായ കെട്ടിടം നിലനിര്‍ത്തിയായിരുന്നു അവയെല്ലാം ചെയ്തത്. എന്നാല്‍ ഇക്കുറി കെട്ടിടം പാടെ പൊളിച്ചു നീക്കി പുതുക്കി പണിയാനാണ് തീരുമാനം . ഇതിന്റെ ആദ്യ പടിയായി സബ് രജസ്ട്രാര്‍ ഓഫീസ് പഴയ ഹെഡ്ഡ് പോസ്റ്റാഫീസിനു പുറകിലുള്ള കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചു.
ശനിയാഴ്ചയും ഞായറാഴ്ചയുമായി ഫയലുകളും ഫര്‍ണീച്ചറുകളും പുതിയ വാടക കെട്ടിടത്തിലേക്ക് നീക്കി തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിയുമെന്ന് സബ് രജിസ്ട്രാര്‍ ബി. അജിത്ത് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."