മതമൗലികവാദ കൂട്ടുകെട്ട് സമതുലിതാവസ്ഥ തകര്‍ക്കും
രാഷ്ട്രീയസദാചാരം ലംഘിച്ചുള്ള നീക്കുപോക്കുകള്‍ ഇന്നത്തെ അസന്തുലിത രാഷ്ട്രീയഭൂമിക നിര്‍മിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. രാഷ്ട്രീയ മാര്‍ക്കറ്റില്‍ വിപണി വസ്തുവായി വില്‍ക്കാന്‍വയ്ക്കുന്ന സംഘടനകളും പാര്‍ട്ടികളും, വലിയ വിപണിമൂല്യമുള്ള രാഷ്ട്രീയ ചരക്കാണ് സമ്മതിദാന അവകാശമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ജമാഅത്തെ ഇസ്‌ലാമി അന്തര്‍ദേശീയ മാനമുള്ള മത,രാഷ്ട്രീയ സംഘടനയാണ്. ഇസ്‌ലാമിന്റെ മൗലിക ലക്ഷ്യം ഭരണമാണ് എന്ന് വ്യാജമായി പ്രചരിപ്പിച്ചവരാണവര്‍. ഇസ്‌ലാം ഒരു സമ്പൂര്‍ണ, സമഗ്ര പ്രത്യയശാസ്ത്രം എന്ന നിലയ്ക്ക് രാഷ്ട്രീയം അതിന്റെ തിയറിക്ക് പുറത്തല്ല. അടിസ്ഥാന തത്ത്വശാസ്ത്രം ദുര്‍വ്യാഖ്യാനം ചെയ്തു മതമൗലികരാഷ്ട്രവാദം ഉയര്‍ത്തിക്കൊണ്ടുവന്നു വിശുദ്ധ ഇസ്‌ലാമിന്റെ സൗന്ദര്യം നഷ്ടപ്പെടുത്താന്‍ ഇക്കൂട്ടര്‍ ശ്രമിച്ചിട്ടുണ്ട്. ഭരണവും രാഷ്ട്രീയവും ലക്ഷ്യമാക്കുന്ന, ഇതര വിശ്വാസപ്രമാണങ്ങളോട് സഹിഷ്ണുത കാണിക്കാത്ത, വംശീയ, വര്‍ഗീയ ആശയങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന തീവ്രരാഷ്ട്രീയ സംഘടനയാണ് ഇസ്‌ലാമെന്ന് വരുത്തിത്തീര്‍ക്കാനാണ് ജമാഅത്തെ ഇസ്‌ലാമി ശ്രമിച്ചത്. വിശുദ്ധ ഇസ്‌ലാമിന്റെ മിതവാദ സമീപനങ്ങള്‍ക്ക് ചെവിയും ബുദ്ധിയും കൊടുക്കാതെ ഭരണാന്ധത ബാധിച്ച ആശയ ദാരിദ്ര്യമാണ് ജമാഅത്തെ ഇസ്‌ലാമിയുടെ സഞ്ചിയിലുള്ളത്.
ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘടന എസ്.ഐ.ഒയുടെ ആശയ അടിവേര് സിയോണിസത്തിലാണെന്ന് ദീര്‍ഘദൃഷ്ടിയുള്ള പണ്ഡിതന്‍ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ കോഴിക്കോട് നഗരത്തില്‍ ഒരു മഹാ സമ്മേളനത്തില്‍ പരസ്യമായി മുന്നറിയിപ്പു നല്‍കിയിരുന്നു. ഇസ്‌ലാമിന്റെ സൗന്ദര്യ ആവിഷ്‌കാരം അസാധ്യമാക്കുകയും മുസ്‌ലിംകളെ ഇരകളാക്കി ഒരുക്കിനിര്‍ത്തി, സാമ്രാജ്യത്വശക്തികള്‍ക്ക് വേട്ടയാടി നശിപ്പിക്കാന്‍ പാകപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. രാഷ്ട്രീയ ഭൂമികയുടെ സാധ്യതകളും സാവധാനം ഇവര്‍ ഇല്ലാതാക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ ചട്ടുകമാണ് വെല്‍ഫെയര്‍ പാര്‍ട്ടി. അവരുമായി നടത്തുന്ന ഏത് നീക്കുപോക്കുകളും സ്വയം കുളംതോണ്ടുന്നതിന് തുല്യമാണ്.
മധ്യപൗരസ്ത്യ നാടുകളില്‍ ഉയര്‍ന്നുവന്ന രാഷ്ട്രീയ അസ്ഥിരതയും തീവ്രവാദ ഗ്രൂപ്പുകളും ഇത്തരം മതരാഷ്ട്രീയ ഗ്രൂപ്പുകളുടെ സംഭാവനയാണ്. ഐ.എസ്.ഐ.എസ് അടിസ്ഥാനപരമായി മതസംഘടനയല്ല, രാഷ്ട്രീയ സംഘടനയാണ്. പക്ഷേ, അവര്‍ ഉയര്‍ത്തിയ വെല്ലുവിളി ഇസ്‌ലാമിന്റെ ചുമലില്‍ വന്നുചേര്‍ന്നു. സാമ്രാജ്യശക്തികള്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വേട്ടയാടാന്‍ ഐ.എസ്.ഐ.എസ് ഉപകരണമാക്കി. ലോകത്ത് ഇസ്‌ലാമിക ജാഗരണവും പൊതുബോധവും തടയുന്നതിനുവേണ്ടി സിയോണിസ്റ്റ് ബൗദ്ധിക മൂശയില്‍ ഉരുത്തിരിഞ്ഞ ആശയം സാമ്രാജ്യശക്തികള്‍ അവരുടെ മാധ്യമ സ്വാധീനത്തില്‍ ഫലപ്രദമായി നടപ്പിലാക്കി.
കേരള രാഷ്ട്രീയത്തിലെ സമതുലിതാവസ്ഥ കൂടുതല്‍ അലോസരപ്പെടുത്തുന്നത് ഫാസിസ്റ്റുകളെയാണ്. ഈ സമതുലിതാവസ്ഥയുടെ വോട്ടിങ് ത്രാസ് മതന്യൂനപക്ഷങ്ങളുടെ വോട്ടുകൊണ്ടാണ് തൂങ്ങുന്നത്. ആ അവസ്ഥയ്ക്ക് മങ്ങലേറ്റാല്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ ഫാസിസ്റ്റുകള്‍ക്ക് പിന്നീട് തടസ്സങ്ങള്‍ അധികമില്ല. മതന്യൂനപക്ഷങ്ങളുടെ വോട്ടുകളില്‍ മതമൗലികവാദത്തിന്റെ അംശവുംകൂടി കടന്നുകൂടിയാല്‍ ഫാസിസ്റ്റുകള്‍ക്ക് പാല്‍പ്പായസമാവും. ചില കടുത്ത വലതുപക്ഷ മതതീവ്രവാദ വീക്ഷണമുള്ള പ്രഭാഷണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇക്കാലമത്രയും കേരളത്തില്‍ പോലും ബി.ജെ.പി പ്രചരണം നടത്തിയത്. വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം ലോക പൊതുസമൂഹത്തിന് ബോധ്യം ഇല്ലാത്തതും ജനാധിപത്യ ഭൂമിക്ക് കനത്ത പ്രഹരം ഏല്‍പ്പിക്കുന്നതുമാണ്. കേരളരാഷ്ട്രീയത്തില്‍ മികച്ച ഇടവും പ്രതിച്ഛായയും സെക്യുലര്‍ മുഖവുമുള്ള, പൊതുസമൂഹം ഒന്നിച്ചു നിലനില്‍പ്പ് ആഗ്രഹ ിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന മുസ്‌ലിംലീഗ് പാര്‍ട്ടി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തീവ്രവാദികള്‍ക്ക് മുഖ്യധാരയിലേക്ക് കടന്നുവരാനുള്ള വാതില്‍ തുറന്നുകൊടുക്കരുത്.
രാഷ്ട്രീയം എല്ലാ ഇന്ത്യക്കാരുടെയും ഭാഗധേയം നിര്‍ണയിക്കുന്ന ജീവവായു കൂടിയാണ്. ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യതയില്ലാത്തവരുടെ കൈകളില്‍ ഭരണം എത്താന്‍ ഇടയായ കാരണങ്ങളില്‍ ചിലത് മതന്യൂനപക്ഷങ്ങളും ദലിതരും പിന്നാക്കക്കാരും കടമകള്‍ നിര്‍വഹിക്കുന്നതില്‍വരുത്തിയ വീഴ്ച്ചകൂടിയാണ്. ഇന്ത്യയിലെ മാറിവന്ന രാഷ്ട്രീയ ചാഞ്ചാട്ടങ്ങള്‍ക്ക് ഇടയിലും കരുത്തു കാണിച്ച രാഷ്ട്രീയ ബോധമാണ് കേരളം കാണിച്ചുതന്നത്. ഭൂരിപക്ഷ സമുദായങ്ങള്‍ മാര്‍ഗഭ്രംശം സംഭവിക്കാതെ വെളിച്ചമായി, മാര്‍ഗദര്‍ശനമായി കണ്ടിരുന്നത് ന്യൂനപക്ഷങ്ങളുടെ പ്രതിബദ്ധതയുള്ള രാഷ്ട്രീയ നിലപാടുകളാണ്. ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ളവരുടെ രംഗപ്രവേശനം ഇതരസമൂഹങ്ങളില്‍ സംശയങ്ങള്‍ ഉണര്‍ത്തിയിട്ടുണ്ട്. അവരില്‍ അത് ആഴത്തില്‍ സ്വാധീനിക്കാതെ തടഞ്ഞുനിര്‍ത്തിയത് പ്രബുദ്ധ കേരളത്തിലെ രാഷ്ട്രീയ നയസമീപനങ്ങള്‍ തന്നെയാണ്. ഇടതുപക്ഷവും വലതുപക്ഷവും അതില്‍ മഹത്തായ പങ്കുവഹിച്ചിട്ടുണ്ട്.നക്കാപ്പിച്ച രാഷ്ട്രീയ ലാഭത്തിനുവേണ്ടി രാഷ്ട്രീയ സദാചാരവും ധര്‍മ്മവും കാശിക്ക് പറഞ്ഞയക്കരുത്. വിദ്യാസമ്പന്നരും രാഷ്ട്രീയ അവബോധമുള്ളവരും അപകടം തിരിച്ചറിഞ്ഞു ഉചിതമായ നിലപാടുകള്‍ സ്വീകരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."