ജൂണില്‍ പ്രതീക്ഷിച്ച മഴ ലഭിച്ചില്ല; കൂടുതല്‍ കോഴിക്കോട്ട്, കുറവ് വയനാട്ടില്‍
സ്വന്തം ലേഖകന്‍
കോഴിക്കോട്: ഇത്തവണ ജൂണ്‍ ഒന്നിനുതന്നെ കാലവര്‍ഷം തുടങ്ങിയെങ്കിലും കേരളത്തില്‍ പ്രതീക്ഷിച്ച മഴ ലഭിച്ചില്ല. ഇന്നലെ വരെയുള്ള കണക്കുകള്‍പ്രകാരം സാധാരണനിലയിലും 17 ശതമാനം കുറവ് മഴയാണ് സംസ്ഥാനത്തിന് ലഭിച്ചതെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കോഴിക്കോട്ടും മാഹിയിലുമാണ്.
കോഴിക്കോട്ട് ജൂണില്‍ പ്രതീക്ഷിച്ച മഴ 861 മില്ലി മീറ്ററാണ്. എന്നാല്‍, 1,166.8 എം.എം മഴയാണ് ജില്ലയില്‍ ലഭിച്ചത്. ജില്ലയിലെ വടകര മേഖലയിലാണ് മഴ കൂടുതലായി ലഭിച്ചത്. കഴിഞ്ഞ വര്‍ഷവും വടകര ഭാഗത്തായിരുന്നു സംസ്ഥാനതലത്തില്‍ കൂടുതല്‍ മഴ ലഭിച്ചത്. ഇതുവരെ 1,675.4 മില്ലി മീറ്റര്‍ മഴയാണ് വടകരയില്‍ ലഭിച്ചത്. ജൂണില്‍ 7 ദിവസവും വടകരയില്‍ 10 സെ.മി മഴ ലഭിച്ചു. ജൂണ്‍ 22ന് പെയ്ത 249 മില്ലി മീറ്റര്‍ മഴയാണ് ഈ സീസണിലെ റെക്കോര്‍ഡ്. ജൂണ്‍ ഒന്നിന് തന്നെ വടകരയില്‍ 153 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ജൂണ്‍ 30ന് 99.6 മില്ലി മീറ്ററായിരുന്നു മഴ. കണ്ണൂര്‍, തളിപ്പറമ്പ് ഏരിയകളിലും 100 സെ.മീറ്ററില്‍ അധികം മഴ രേഖപ്പെടുത്തി.
മഴക്കൂടുതലില് വടകര കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് കണ്ണൂരും (124 സെ.മി), തളിപ്പറമ്പ് (100 സെ.മി) മൂന്നാമതും ആണ്. കൊയിലാണ്ടി, വൈക്കം, ഹൊസ്ദുര്‍ഗ്, തലശേരി, കുഡ്ലു, ഇരിക്കൂര്‍, കോഴിക്കോട്, ഒറ്റപ്പാലം, ആലപ്പുഴ, കരിപ്പൂര്‍, പിറവം, പീരുമേട് എന്നീ മേഖലകളിലാണ് 60 സെ.മി അധികം മഴ ലഭിച്ചത്.
സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ വയനാട്ടിലാണ്. 56 ശതമാനം കുറവ് മഴയാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്.. 665 മില്ലി മീറ്റര്‍ മഴ ഇത്തവണ ജൂണില്‍ ജില്ലയില്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും 293 എം.എം മാത്രമേ ലഭിച്ചുള്ളൂ.
ലക്ഷദ്വീപ്, എറണാകുളം, ഇടുക്കി, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലും പ്രതീക്ഷിച്ചതിലും കുറഞ്ഞ മഴയാണുണ്ടായത്. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ പ്രതീക്ഷിച്ച മഴ ലഭിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."