ലക്ഷദ്വീപില്‍ പ്രചാരണം രണ്ടാംഘട്ടം പിന്നിട്ടു; പ്രധാനവിഷയം 'മാസ് '
കൊച്ചി: ഏപ്രില്‍ 11ന് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ബൂത്തിലേക്കു പോകുന്ന ലക്ഷദ്വീപില്‍ തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാംഘട്ടം പിന്നിട്ടു. കോണ്‍ഗ്രസ് ലക്ഷദ്വീപ് ഘടകം പ്രസിഡന്റും മുന്‍ എം.പിയുമായ ഹംദുല്ല സഈദും എന്‍.സി.പിയുടെ സിറ്റിങ് എം.പി പി.പി മുഹമ്മദ് ഫൈസലും തമ്മിലാണ് പ്രധാന മത്സരം.
ദേശീയ തലത്തില്‍ യു.പി.എയുടെ ഭാഗമായ ഇരുകക്ഷികള്‍ക്കും നിര്‍ണായക സ്വാധീനമുള്ള മേഖലയായതിനാല്‍ ലക്ഷദ്വീപിലെ പോരാട്ടം വേറിട്ടതാണ്. അറബിക്കടലില്‍ ഒറ്റപ്പെട്ടുകിടക്കുന്ന പത്തു ദ്വീപുകളിലായി വസിക്കുന്ന 65,000ത്തോളം പേര്‍ക്കിടയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണം മറ്റു ലോക്‌സഭാ മണ്ഡലങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. പത്രമാധ്യമങ്ങളുടെയും ചാനലുകളുടെയും സാന്നിധ്യം കുറഞ്ഞ ലക്ഷദ്വീപില്‍ പ്രധാന പ്രചാരണായുധം സോഷ്യല്‍ മീഡിയയാണ്. അതും ഇന്റര്‍നെറ്റ് വേഗത കുറവായതിനാല്‍ അത്രവിജയകരമാകണമെന്നുമില്ല. അതുകൊണ്ടു തന്നെ സ്ഥാനാര്‍ഥികള്‍ ഓരോ ദ്വീപിലുമെത്തി വീടുകള്‍ കയറിയിറങ്ങുന്ന രീതിയാണ് അവലംബിക്കുന്നത്.
വന്‍കരയെ അപേക്ഷിച്ച് പ്രാഥമിക സൗകര്യങ്ങള്‍ ഏറെ പിന്നിലായ ലക്ഷദ്വീപില്‍ സിറ്റിങ് എം.പിയും മുന്‍ എം.പിയും തമ്മിലുള്ള പോരാട്ടത്തില്‍ വികസനം തന്നെയാണ് പ്രധാന ചര്‍ച്ചാവിഷയം. മുസ്‌ലിംകള്‍ ഭൂരിപക്ഷമായ ലക്ഷദ്വീപില്‍ ബി.ജെ.പിക്കു വേരോട്ടമില്ലാത്തതിനാല്‍ ദേശീയ രാഷ്ട്രീയത്തിലെ പ്രധാനവിഷയമായ വര്‍ഗീയത ഇവിടെ വലിയ വിഷയമല്ല. ദ്വീപിന്റെ വികസനം തന്നെയാണ് പ്രധാന വിഷയം.
മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ദ്വീപില്‍ മുഴങ്ങുന്ന ഏറ്റവും പ്രധാന വിഷയം മാസ് ആണ്. ലക്ഷദ്വീപിലെ കൂടുതല്‍ പേരുടെയും തൊഴില്‍ മത്സ്യബന്ധനമാണ്. കടലില്‍നിന്ന് സമൃദ്ധമായി ലഭിക്കുന്ന ചൂര മത്സ്യം പരമ്പരാഗതരീതിയില്‍ സംസ്‌കരിച്ചെടുക്കുന്നതാണ് മാസ്. പ്രധാന ഉപജീവന മാര്‍ഗമായ മാസിന് നല്ലവില ലഭിക്കുകയെന്നത് ദ്വീപ് നിവാസികളുടെ വലിയൊരു ആഗ്രഹമാണ്.
സിറ്റിങ് എം.പി മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തില്‍ മാസിന് കൂടിയ വില വാഗ്ദാനം ചെയ്തു കേന്ദ്രീകൃത സംവിധാനത്തിലൂടെ സംഭരണം നടത്തി വിദേശത്തേക്ക് കയറ്റുമതി ചെയ്യാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതാണ് കോണ്‍ഗ്രസ് മുഖ്യമായും ആയുധമാക്കിയിരിക്കുന്നത്. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളില്‍നിന്ന് മാസ് സംഭരിച്ച ശേഷം വാഗ്ദാനം ചെയ്ത തുക പൂര്‍ണമായും നല്‍കാതെ കബളിപ്പിക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. മാസിന്റെ വില ലഭിക്കാതെ വന്നത് എന്‍.സി.പി നേതൃത്വത്തിലുള്ള സൊസൈറ്റിയുടെ പിടിപ്പുകേടുകൊണ്ടാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ലക്ഷദ്വീപില്‍ മുന്‍ കോണ്‍ഗ്രസ് നേതാവും ഹംദുല്ല സഈദിന്റെ പിതാവുമായ പി.എം സഈദിന്റെ ശ്രമഫലമായി ലഭിച്ച മെഡിക്കല്‍ സീറ്റുകളുടെ എണ്ണം ഹംദുല്ലയുടെ കാലയളവില്‍ 13 ആയി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. ഇതുവഴി ഓരോ വര്‍ഷവും ലക്ഷദ്വീപുകാരായ ഡോക്ടര്‍മാരെ ഈ സംവരണ സീറ്റിലൂടെ ലഭ്യമാക്കാന്‍ കഴിയുമായിരുന്നുവെന്നും ഹംദുല്ല ചൂണ്ടികാണിക്കുന്നു. എന്നാല്‍ എന്‍.സി.പി എം.പി വന്നപ്പോള്‍ അത് രണ്ടായി ചുരുങ്ങിയെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
പ്രധാന യാത്രാമാര്‍ഗമായ കപ്പലില്‍ ടിക്കറ്റ് ലഭിക്കുന്നതിനുള്ള കാലതാമസമാണ് മറ്റൊരു വിഷയം. ക്യൂനില്‍ക്കാതെ ടിക്കറ്റ് ലഭ്യമാക്കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഗതാഗതസൗകര്യവും ആരോഗ്യ രംഗത്ത് ഇന്‍ഷുറന്‍സും ഉള്‍പ്പെടെ വിപ്ലവകരമായ വികസനപ്രവര്‍ത്തനങ്ങള്‍ പ്രതിപക്ഷ എം.പിയായിട്ടും നേടിയെടുക്കാന്‍ കഴിഞ്ഞുവെന്നാണ് മുഹമ്മദ് ഫൈസലിന്റെ അവകാശവാദം. അതേസമയം, എം.പിയുടെ വികസനപ്രവര്‍ത്തനങ്ങളില്‍ പലതും തന്റെ കാലത്ത് തുടങ്ങിവച്ചവയുടെ പൂര്‍ത്തീകരണമായിരുന്നുവെന്നും അദ്ദേഹത്തിന് കൂടുതലായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് ഹംദുല്ലയുടെ മറുവാദം.
വികസനപ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞു സീറ്റ് നിലനിര്‍ത്താന്‍ ശ്രമിക്കുന്ന മുഹമ്മദ് ഫൈസലിന് മുന്നില്‍ മുന്‍കാല വികസനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിലവിലെ എം.പിയുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്മയും ചൂണ്ടിക്കാട്ടിയാണ് ഹംദുല്ല വോട്ടഭ്യര്‍ഥിക്കുന്നത്. കേന്ദ്രഭരണ പ്രദേശമായതിനാല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് കീഴിലുള്ള ലക്ഷദ്വീപില്‍ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് കൂടിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ്.
ഏറെ നാള്‍ ദ്വീപിനെ പ്രതിനിധീകരിച്ചിരുന്ന കോണ്‍ഗ്രസിന്റെ സമുന്നതനേതാവ് പി.എം സഈദിനോടുള്ള സ്‌നേഹം കൂടി പിന്‍ബലമാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകള്‍. നഷ്ടപ്പെട്ട ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് ഭരണം തിരികെപിടിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന് കൂടുതല്‍ കരുത്ത് നല്‍കുകയാണ്. കോണ്‍ഗ്രസിനും എന്‍.സി.പിക്കും അഭിമാന സീറ്റായി ലക്ഷദ്വീപ് മാറിയിരിക്കുന്നതിനാല്‍ ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധിയും ശരത്പവാറും പ്രചാരണത്തിനായി അടുത്തദിവസങ്ങളില്‍ എത്തുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."