ത്രിപുര: ഐ.പി.എഫ്.ടി നേതാക്കളുള്‍പ്പെടെ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്
അഗര്‍ത്തല: ബി.ജെ.പിയുടെ മുന്‍ സഖ്യകക്ഷിയായ ഇന്‍ഡിജീന്യസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി)യില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് ഒഴുക്ക്. ഐ.പി.എഫ്.ടി സീനിയര്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കൃതിമോഹന്‍ ത്രിപുരയുടെ നേതൃത്വത്തില്‍ 400 ഓളം പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ടത്. ദിവസങ്ങള്‍ക്ക് മുന്‍പ് മൂന്നു വനിതാ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് നൂറുകണക്കിനു പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക്. പ്രത്യേക ത്രിപുരലാന്റ് സംസ്ഥാനം ഒരിക്കലും നടക്കാത്ത സ്വപ്‌നമാണെന്നും പുതിയൊരു സംസ്ഥാനം പ്രായോഗികമല്ലെന്നുമാണ് ഇപ്പോള്‍ പാര്‍ട്ടി വിട്ടവരുടെ അഭിപ്രായമെന്നും കൃതിമോഹന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ജനങ്ങളെ കബളിപ്പിക്കുന്ന ഐ.പി.എഫ്.ടിയില്‍നിന്ന് തങ്ങള്‍ പുറത്തുപോവുകയാണെന്നും അവര്‍ വ്യക്തമാക്കി.
പ്രത്യേക ത്രിപുരലാന്റ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് 2009ലാണ് ഐ.പി.എഫ്.ടി രൂപീകരിച്ചത്. ഇതുസംബന്ധിച്ച് തീവ്രപ്രചാരണം നടത്തിയതോടെ ആദിവാസി വിഭാഗങ്ങള്‍ ഐ.പി.എഫ്.ടിയിലേക്ക് വന്‍തോതില്‍ ആകര്‍ഷിക്കപ്പെടുകയുംചെയ്തു. നിലവില്‍ ത്രിപുരയില്‍ ഭരണത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് ഐ.പി.എഫ്.ടി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയോടൊപ്പം മല്‍സരിച്ച് എട്ടുസീറ്റുകളില്‍ ഐ.പി.എഫ്.ടി വിജയിച്ചിരുന്നു. സംസ്ഥാനത്ത് രണ്ടുലോക്‌സഭാ സീറ്റുകളാണുള്ളത്, വെസ്റ്റ് ത്രിപുരയും ഈസ്റ്റ് ത്രിപുരയും. വെസ്റ്റ് ത്രിപുരയില്‍ ഈ മാസം 11നും ഈസ്റ്റ് ത്രിപുരയല്‍ 18നുമാണ് വോട്ടെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."