പാതയോര മദ്യശാലാ നിരോധനം അട്ടിമറിക്കാന്‍ സംഘടിത നീക്കം: സുധീരന്‍
തിരുവനന്തപുരം: ദേശീയ സംസ്ഥാന പാതകളുടെ 500 മീറ്ററിനകത്തുള്ള ബാറുകള്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍ ഉള്‍പെടെ മദ്യവില്‍പന ശാലകള്‍ നിരോധിച്ച് സുപ്രിം കോടതി പുറപ്പെടുവിച്ച ചരിത്രപരവും വിപ്ലവകരവുമായ വിധി അട്ടിമറിക്കാന്‍ സംഘടിത നീക്കങ്ങള്‍ നടക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.
സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യപ്രകാരം എക്‌സൈസ്, പി.ഡബ്ല്യു. ഡി, ദേശീയപാതാ അധികൃതരാണ് കുറുക്കുവഴിയിലൂടെ ഇതിനു ശ്രമിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പാതകളുടെ പദവി മാറ്റി മദ്യവില്‍പനക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാനുള്ള കളമൊരുക്കിക്കൊടുക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.
സംസ്ഥാന സര്‍ക്കാരും മദ്യലോബിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണിത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയെ സമീപിച്ച് മദ്യവില്‍പന ശാലകള്‍ തുറക്കാനുള്ള അനുമതി ചിലര്‍ നേടിയിരിക്കയാണ്.
യഥാര്‍ഥത്തില്‍ സുപ്രിം കോടതി വിധിയോടുള്ള തുറന്ന വെല്ലുവിളിയാണ് സര്‍ക്കാരും ബാറുടമകളും ചേര്‍ന്നു നടത്തുന്നത്. സുപ്രിം കോടതി വിധിയുടെ അന്തഃസത്ത നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള ഹൈക്കോടതി ഉത്തരവുകള്‍ ദുരൂഹവും അസ്വാഭാവികവുമാണ്. ഈ അസാധാരണ സ്ഥിതിവിശേഷം സുപ്രിം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."