സഹോദരനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
ഇരിങ്ങാലക്കുട(തൃശൂര്‍): സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊടുങ്ങല്ലൂര്‍ ഏറിയാട് സ്വദേശിയും കോഴിക്കോട് പുതിയങ്ങാടി മാടച്ചാല്‍ വയലില്‍ സ്ഥിരതാമസക്കാരനുമായ പുക്കപറമ്പില്‍ രഘുനാഥനാണ് ഇരിങ്ങാലക്കുട അഡിഷനല്‍ സെഷന്‍സ് ജഡ്ജ് ജി ഗോപകുമാര്‍ ശിക്ഷ വിധിച്ചത്. ഇളയ സഹോദരന്‍ ബാബുവിനെ ഹോട്ടല്‍ മുറിയില്‍വച്ച് വെടിവച്ച് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. 2012 സെപ്റ്റംബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. വയനാട്ടിലെ റൂബി ഇക്കോ റിസോട്ടിന്റെ ഉടമയും ദുബൈയിലും കൊച്ചിയിലും റൂബി കാര്‍ഗോ എന്ന പേരില്‍ ലോജിസ്റ്റിക് ബിസിനസ് നടത്തുന്നയാളുമാണ് പ്രതി രഘുനാഥന്‍. സഹോദരന്‍ ബാബു പ്രതിയുടെ കൂടെ കാര്‍ഗോ ബിസിനസില്‍ പങ്കാളിയായിരുന്നു. പിന്നീട് ബാബു സ്വന്തമായി റൂബി എന്ന പേരില്‍ കൊടുങ്ങല്ലൂരില്‍ ബസ് സര്‍വിസ് തുടങ്ങി. മുന്‍പ് പ്രതി രഘുനാഥനും സഹോദരനായ ബാബുവും തമ്മിലുണ്ടായിരുന്ന സ്വത്തു തര്‍ക്കം ഒത്തുതീര്‍പ്പായിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതി ബാബുവിന് മൂന്ന് കോടി രൂപ നല്‍കുവാനും തിരികെ രഘുനാഥന്റെയും ബാബുവിന്റെയും കൂട്ടായ പേരില്‍ കൊടുങ്ങല്ലൂര്‍ ചന്തപ്പുര ഭാഗത്തുണ്ടായിരുന്ന 31 സെന്റിലെ ബാബുവിനുള്ള അവകാശം രഘുനാഥന് നല്‍കുവാനും ധാരണയായിരുന്നതാണ്.
അതനുസരിച്ച് 2006 ല്‍ ബാബു ഈ വസ്തു സംബന്ധിച്ച് രഘുനാഥന്റെ പേരില്‍ മുക്ത്യാര്‍ നല്‍കിയിന്നു. എന്നാല്‍ മുക്ത്യാര്‍ ഉപയോഗിച്ച് വസ്തു വില്‍ക്കാന്‍ ശ്രമിച്ച രഘുനാഥന്‍ അഡ്വാന്‍സ് തുക കൈപ്പറ്റിയെങ്കിലും ബാബുവിന് പണം കൊടുത്തിരുന്നില്ല. ഇതറിഞ്ഞ ബാബു 2007 ല്‍ മുക്ത്യാര്‍ റദ്ദാക്കി. ഇതു സംബന്ധിച്ച് ഇരുവരും തമ്മിലുണ്ടായ തര്‍ക്കം ഒത്തു തീര്‍പ്പാക്കുന്നതിന് വേണ്ടി എറിയാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇ.വി രമേശന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ ശാന്തിപുരത്തുള്ള ഹോട്ടലില്‍ വച്ച് സംഭവ ദിവസം ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നു. ഹോട്ടലില്‍വച്ച് സംസാരിച്ചു കൊണ്ടിരിക്കേ പ്രതി അപ്രതീക്ഷിതമായി ബാബുവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പിഴ സംഖ്യയില്‍ നിന്നും ഒരു ലക്ഷം രൂപ കൊല്ലപ്പെട്ട ബാബുവിന്റെ ഭാര്യ പ്രീതിക്കു നല്‍കണം. പിഴ ഒടുക്കാത്ത പക്ഷം 6 മാസം കൂടി തടവു ശിക്ഷ അനുഭവിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."