ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്: മാഹിയില്‍ നിന്ന് 32 വോട്ടര്‍മാര്‍
മാഹി: ഫ്രാന്‍സില്‍ ഇന്ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാഹിയില്‍ നിന്നുള്ള 32 ഫ്രഞ്ച് പൗരന്മാരും വോട്ട് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം ഫ്രഞ്ച് എംബസി വഴി മാഹിയിലെ വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥികളുടെ യോഗ്യതയും പാര്‍ട്ടിയുടെ നിലപാടും അടങ്ങുന്ന തെരഞ്ഞെടുപ്പ് പത്രിക എത്തിയിരുന്നു. പുതുച്ചേരി കോണ്‍സുലേറ്റില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ സമ്മതപത്രം ലഭിച്ച വ്യക്തി മാഹിക്കാരുടെ വോട്ട് രേഖപ്പെടുത്തും.
രാവിലെ എട്ടുമുതല്‍ വൈകുന്നേരം ഏഴുവരെയാണ് വോട്ടിങ് സമയം. ആകെ 11 സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഇതില്‍ നാല് പേരാണ് മുന്‍നിരയിലുള്ളത്. ഞായറാഴ്ചകളില്‍ മാത്രമാണ് ഫ്രാന്‍സില്‍ തെരഞ്ഞെടുപ്പ് നടക്കുകയെന്ന പ്രത്യേകത കൂടിയുണ്ട്. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ആകെ പോള്‍ ചെയ്തതിന്റെ 50 ശതമാനത്തിലധികം വോട്ടുകള്‍ ആര്‍ക്കും ലഭിച്ചില്ലെങ്കില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ച രണ്ട് പേര്‍ വിജയികളാവും. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലാണ് ഇവരില്‍ നിന്ന് ഒരാള്‍ തെരഞ്ഞെടുക്കപ്പെടുന്നത്. മാഹിയിലെ ഫ്രഞ്ച് പൗരന്മാര്‍ക്ക് പുതുച്ചേരിയിലെയും ചെന്നൈയിലെയും ഫ്രഞ്ച് കോണ്‍സുലേറ്റുകളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്താം. കോണ്‍സുലേറ്റില്‍ രണ്ട് രീതിയില്‍ വോട്ട് ചെയ്യാന്‍ അവസരമുണ്ട്. ഒന്ന് നേരിട്ട് ഹാജരായി കോണ്‍സുലേറ്റിലെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തുക. മറ്റൊന്ന് വോട്ടവകാശമുള്ള മറ്റൊരു വോട്ടറെ വോട്ട് രേഖപ്പെടുത്താന്‍ അധികാരപ്പെടുത്തുക. മാഹിയിലുള്ളവര്‍ രണ്ടാമത്തെ മാര്‍ഗമാണ് സ്വീകരിക്കുന്നത്. മാഹിയിലെ ഫ്രഞ്ച് പൗരന്മാരുടെ കാര്യാലയമായ യൂന്യോംദ് ഫ്രാന്‍സെദ്മായെയിലെ അംഗങ്ങള്‍ ഒത്തുചേര്‍ന്ന് അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷം എടുക്കുന്ന തീരുമാനം പുതുച്ചേരിയിലെ പ്രതിനിധിയെ അറിയിക്കുകയാണ് പതിവ്. അതനുസരിച്ച് അവര്‍ വോട്ട് രേഖപ്പെടുത്തുകയാണ് നിലവിലുള്ള രീതി. മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച വിവരങ്ങളും പാര്‍ട്ടികളുടെ നിലപാടുകളും വ്യക്തമാക്കുന്ന പ്രകടനപത്രികകള്‍ മാഹിയില്‍ വോട്ടര്‍മാര്‍ക്ക് ലഭിച്ചിരുന്നു. ഇത്തവണ താമസം നേരിട്ടതിനാല്‍ ഏത് സ്ഥാനാര്‍ഥിക്കാണ് വോട്ട് രേഖപ്പെടുത്തേണ്ടത് എന്ന കാര്യത്തില്‍ വേണ്ടത്ര വ്യക്തത ഇതുവരെയായിട്ടില്ല. തെരഞ്ഞെടുപ്പ് ചിത്രം അവ്യക്തമാണെന്നും അതുകൊണ്ട് തന്നെ വോട്ട് ചെയ്യാന്‍ മുന്‍കാലങ്ങളിലുണ്ടായിരുന്ന ആവേശം മാഹിയില്‍ കാണാനില്ലെന്നും മുതിര്‍ന്ന ഫ്രഞ്ച് പൗരന്‍ പനങ്ങാടന്‍ ബാലന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."