മോദിയുടെ അഭിമാന പദ്ധതി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വേണ്ട
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ബിജെപി ഭരിക്കുന്ന രാജസ്ഥാനും മഹരാഷ്ട്രയ്ക്കും വേണ്ട. പദ്ധതി നടപ്പാക്കുന്നതില്‍ വിമുഖത കാണിച്ച് ഈ രണ്ടു സംസ്ഥാനങ്ങളും രംഗത്തെത്തി.
പദ്ധതിയെ സ്വാഗതം ചെയ്യുമ്പോഴും ഇതെങ്ങിനെ നടപ്പാക്കുമെന്ന് പറയാന്‍ സാധിക്കുന്നില്ലെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
സംസ്ഥാനത്ത് ഇപ്പോള്‍തന്നെ 4.5 കോടി ജനങ്ങള്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇപ്പോഴുള്ള പദ്ധതി അവസാനിക്കാന്‍ ആറുമാസം കൂടിയുണ്ട്. ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള കരാര്‍ നിര്‍ത്താനാകില്ല. അതുകൊണ്ടു തന്നെ നിലവില്‍ തുടരുന്ന പദ്ധതി മുടക്കി ആയുഷ്മാന്‍ ഭാരത് തുടങ്ങുന്നത് സാമ്പത്തിക ചെലവ് താങ്ങാനാവില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
മഹാരാഷ്ട്ര സര്‍ക്കാറിനാണെങ്കില്‍ പദ്ധതിക്കായുള്ള ഫണ്ടിന് അപര്യാപ്തതയുണ്ട്. ഇവിടെയും സര്‍ക്കാര്‍ സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടത്തുന്നുണ്ട്. എന്നാല്‍ പശ്ചിമ ബംഗാള്‍ അടക്കമുള്ള 25 സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കുന്നതിനായി ആരോഗ്യ മന്ത്രാലയവുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്.
ഒരു കുടുംബത്തിന് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ് പദ്ധതി. 2022 ആകുമ്പോഴേക്കും രാജ്യത്തെ ഒന്നര ലക്ഷം ഗ്രാമങ്ങളില്‍ ആരോഗ്യ സൗഖ്യ കേന്ദ്രങ്ങള്‍ പദ്ധതി ചെലവില്‍ സ്ഥാപിക്കും. രാജ്യത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പത്ത് കോടി കുടുംബങ്ങളിലെ അമ്പത് കോടി ജനങ്ങള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."