തട്ടിക്കൊണ്ടുപോയ യുവാവിനെ വിട്ടയച്ചു; സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘം
മാനന്തവാടി: മാനന്തവാടിയില്‍നിന്ന് നാടകീയമായി തട്ടിക്കൊണ്ടുപോയ യുവാവിനെ സംഘം വിട്ടയച്ചു. കൂത്തുപറമ്പ് ഓലായിക്കര ബദരിയ മന്‍സില്‍ അമീറിനെ (22) ആണ് വിട്ടയച്ചത്.
പൊലിസ് പ്രതികളെ തിരിച്ചറിയുകയും ഏതു നിമിഷവും വലയിലാകുമെന്ന സൂചന ലഭിച്ചതോടെയുമാണ് സംഘം യുവാവിനെ വിട്ടയച്ചതെന്നാണ് സൂചന. തുടര്‍ന്ന് മാനന്തവാടി സ്റ്റേഷനിലെത്തിയ യുവാവിനെ കോടതിയില്‍ ഹാജരാക്കി. ഗള്‍ഫിലായിരുന്ന അമീറും കോഴിക്കോട് അതിര്‍ത്തി ഗ്രാമങ്ങളിലെ സ്വര്‍ണക്കടത്തുകാരും തമ്മിലുള്ള പ്രശ്നങ്ങളുടെ തുടര്‍ച്ചയായാണ് തട്ടിക്കൊണ്ടുപോകല്‍ സംഭവം നടന്നത്. സംഭവം നടന്ന തിങ്കളാഴ്ച രാത്രി മുതല്‍ അന്വേഷണം ഊര്‍ജിതമാക്കിയ പൊലിസ് വൈകാതെ തന്നെ പ്രതികളുടെ വിവരം മനസിലാക്കിയിരുന്നു.
തുടര്‍ന്ന് വീടുകളിലും തിരച്ചില്‍ നടത്തി. ഏതുനിമിഷവും തങ്ങള്‍ വലയിലാകുമെന്ന സൂചന ലഭിച്ചതോടെയാണ് യുവാവിനെ വിട്ടയച്ചതെന്നാണ് വിവരം. തന്നെ വിട്ടയച്ച സ്ഥലം വ്യക്തമല്ലെന്നാണ് യുവാവ് പറയുന്നത്. വൈകിട്ടോടെ മാനന്തവാടി സ്റ്റേഷനിലെത്തിച്ച അമീറിനെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം മൊഴി രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. അടുത്തിടെ ഗള്‍ഫില്‍നിന്ന് എത്തിയ അമീറും താമരശ്ശേരി, കൊടുവള്ളി ഭാഗങ്ങളിലെ സ്വര്‍ണക്കടത്ത് സംഘവുമായുണ്ടായ പ്രശ്നങ്ങളുടെ തുടര്‍ച്ചയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലിസ് വ്യക്തമാക്കി.
സംഘവും അമീറും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങളുടെ ഭാഗമായി കതിരൂര്‍ സ്റ്റേഷനില്‍ പരാതിയും നിലനില്‍ക്കുന്നുണ്ട്. മാനന്തവാടിയെ ഞെട്ടിച്ച സംഭവത്തിനു പിന്നിലെ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞതായാണ് വിവരം. വൈകാതെ തന്നെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് മാനന്തവാടി പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."