മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം
തിരുവനന്തപുരം: മൂന്നാറിലെ ഭൂമി കൈയേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം. 'സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും' എന്ന തലക്കെട്ടില്‍ ജനയുഗം ദിനപത്രം ഇന്നലെ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രിയെ പേരെടുത്തു പറയാതെ വിമര്‍ശിക്കുന്നത്. ഭൂരഹിത കുടിയേറ്റക്കാരുടെ പേരില്‍ കൈയേറ്റക്കാര്‍ക്കായി പ്രതിരോധമുയര്‍ത്തുന്നവരുടെ തനിനിറം ജനങ്ങള്‍ തിരിച്ചറിയുമെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.
ഭൂമി കൈയേറ്റ മാഫിയകള്‍ കുരിശടക്കം മതപ്രതീകങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് കേരളത്തിലും ഇന്ത്യയിലും പുതുമയുള്ള കാര്യമല്ല. ഭക്തിവാണിഭക്കാരായ ഒരു ചെറു സംഘമാണ് ഏറിയപങ്കും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു ജാതി-മത ഭിന്നതകളും ഇല്ലെന്നതാണ് വസ്തുത. പാപ്പാത്തിച്ചോലയിലും വസ്തുതകള്‍ മറിച്ചല്ലെന്ന് ഇതിനകം പുറത്തുവന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നു.
കുരിശിന്റെയും മതപ്രതീകങ്ങളുടെയും പേരില്‍ ഇത്തരം മാഫിയാ സംഘങ്ങളുടെ ക്രിമിനല്‍ നടപടികള്‍ക്ക് ഒരു പരിഷ്‌കൃത സമൂഹവും കൂട്ടുനില്‍ക്കില്ലെന്ന വസ്തുതയാണ് കൈയേറ്റം ഒഴിപ്പിക്കലിനോട് കേരള സമൂഹത്തില്‍ നിന്ന് ഉയര്‍ന്ന മഹാഭൂരിപക്ഷം പ്രതികരണങ്ങളും വ്യക്തമാക്കുന്നത്. ക്രിസ്തുമത സമൂഹങ്ങള്‍ പൊതുവില്‍ അപലപിക്കാന്‍ മുതിര്‍ന്ന മതപ്രതീകങ്ങളുടെ ദുരുപയോഗത്തെ പിന്തുണയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഫലത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും സംരക്ഷണ കവചമൊരുക്കി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.
രാഷ്ട്ര സമ്പത്തിന്‍മേല്‍ മതത്തിന്റെ പേരിലുള്ള കൈയേറ്റത്തെയാണ് പാപ്പാത്തിച്ചോല പ്രതിനിധാനം ചെയ്യുന്നത്. അതിനെ അപലപിക്കാന്‍ മതമേലധ്യക്ഷന്‍മാര്‍ മടികൂടാതെ രംഗത്തുവന്നത് മതേതര ജനാധിപത്യത്തിന്റെ വിജയമായി ചരിത്രം അടയാളപ്പെടുത്തും. ഭക്തിയുടെയും മതപ്രതീകത്തിന്റെയും വിനോദസഞ്ചാര വ്യവസായത്തിന്റെയും മറ്റെന്തിന്റെയും പേരിലാണങ്കിലും പൊതുമുതല്‍ കൈയേറാന്‍ ആരെയും ആരും അനുവദിക്കരുതെന്ന ശക്തമായ ജനകീയ താക്കീതാണ് കേരള ജനത ഗവണ്‍മെന്റിന് നല്‍കുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."