കേരള കോണ്‍ഗ്രസ് (എം) ജില്ലാ നേതൃത്വത്തിനെതിരേ പടയൊരുക്കം
സുല്‍ത്താന്‍ ബത്തേരി: കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന നേതൃത്വത്തിന്റെ അന്ത്യശാസനം ലംഘിച്ച സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്മാന് ടി.എല്‍ സാബുവിനെതിരേ നടപടിയെടുക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനം.
ഇക്കാര്യം ഇന്നലെ നടന്ന യു.ഡി.എഫ് ജില്ലാ നേതൃയോഗത്തെ പാര്‍ട്ടി ഉന്നതാധികാര സമിതിയംഗം അഡ്വ. തോമസ് ഉണ്ണിയാടന്, ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യാ എന്നിവര്‍ അറിയിച്ചു. തുടര്‍ നടപടികള്‍ സംബന്ധിച്ച് ഇന്നു നടക്കുന്ന യു.ഡി.എഫ് ജില്ലാ നേതൃയോഗം തീരുമാനമെടുക്കും. അതേസമയം സംസ്ഥാന നേതൃത്വത്തിന്റെ അന്ത്യശാസനം ലംഘിച്ച ബത്തേരി നഗരസഭാ ചെയര്മാന് ടി.എല്‍ സാബുവിന്റെ നിലപാട് പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷമാക്കിയിട്ടുണ്ട്. ജില്ലാ പ്രസിഡന്റും നഗരസഭാ ചെയര്‍മാനും തമ്മിലുണ്ടാക്കിയ ധാരണയാണ് സാബു രാജി വയ്ക്കാത്തതിനു പിന്നിലെന്നും ആരോപണമുണ്ട്. കെ.എം മാണി യു.ഡി.എഫിലേക്ക് തിരിച്ചെത്തിയതോടെ ബത്തേരിയിലും എല്‍.ഡി.എഫ് ബന്ധം അവസാനിപ്പിക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ എതിര്‍പ്പിനെ മറികടന്നാണ് ജില്ലാ പ്രസിഡന്റും ടി.എല്‍ സാബുവും എല്‍.ഡി.എഫിനെ പിന്തുണച്ചത്.
ഇപ്പോള്‍ സംസ്ഥാന നേതൃത്വം പോലും ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാത്തതും നേതൃത്വത്തിനെതിരേ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് ശക്തമാകാന്‍ കാരണമായിട്ടുണ്ട്. ജില്ലയില്‍നിന്നു തന്നെയുള്ള സംസ്ഥാന-ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗമാണ് പാര്‍ട്ടിക്കുള്ളില്‍ ശക്തമായ നിലപാട് എടുത്തിരിക്കുന്നത്. കല്‍പ്പറ്റ, മാനന്തവാടി, മുള്ളന്‍കൊല്ലി, മേപ്പാടി എന്നിവിടങ്ങളില്‍ നിന്നുള്ള വിഭാഗമാണ് എതിര്‍പ്പുമായി രംഗത്തുള്ളത്. ഇത് വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ വന്‍ കലഹത്തിന് വഴിവയ്ക്കുമെന്നും ഒരുപക്ഷേ പിളര്‍പ്പിലേക്ക് തന്നെ എത്തിച്ചേരാനുമാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."