ജോസ് വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് ചെന്നിത്തല, യോഗത്തില്‍ പങ്കെടുപ്പിക്കേണ്ടെന്നു മാത്രമാണ് തീരുമാനിച്ചതെന്നും വിശദീകരണം
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ്.കെ മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്നു പുറത്താക്കിയിട്ടില്ലെന്നു രമേശ് ചെന്നിത്തല. യു.ഡി.എഫ് യോഗത്തില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്നുമാത്രമാണ് തീരുമാനിച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന ചില വാര്‍ത്തകള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ തീരുമാനം അംഗീകരിച്ചാല്‍ നാളെ തന്നെ ജോസ് വിഭാഗത്തിനെ യു.ഡി.എഫ് യോഗത്തില്‍ പങ്കെടുപ്പിക്കുമെന്നും പരസ്പരം ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കേരള കോണ്‍ഗ്രസ് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ്. ജോസഫ് വിഭാഗവും ജോസ്.കെ മാണി വിഭാഗവും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അതു പരിഹരിക്കാന്‍ മുന്നണിയിലെ ഘടകകക്ഷി നേതാക്കളോട് ഇരു വിഭാഗത്തോടും സംസാരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. നാലു മാസമായി നടത്തിയ ചര്‍ച്ചകളിലും പരിഹാരമുണ്ടായില്ല. ഇതിനിടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന് വീതംവെപ്പിനു ധാരണയുണ്ടാക്കിയിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പിന്റെ തലേന്നാണ് ധാരണയുണ്ടാക്കിയത്. എന്നാല്‍ ഈ തീരുമാനം ജോസ് വിഭാഗം അംഗീകരിച്ചില്ല.
അതുകൊണ്ടുതന്നെ യു.ഡി.എഫ് കൈകൊണ്ട തീരുമാനം ലംഘിച്ചതിനാല്‍ അവരോട് യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കേണ്ടെന്നു പറഞ്ഞു. ഇതാണുണ്ടായതെന്നും തെറ്റു തിരുത്തി ജോസ് വിഭാഗം മുന്നോട്ടുവന്നാല്‍ നാളെ മുതല്‍ തന്നെ യു.ഡി.എഫ് യോഗത്തില്‍ ഇവര്‍ക്കു പങ്കെടുക്കാമെന്നും ചെന്നിത്തല അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."