പതക്കങ്ങള്‍ കാണാതായതിനുപിന്നില്‍ ക്ഷേത്രത്തിനുള്ളിലുള്ളവര്‍: മന്ത്രി സുധാകരന്‍
അമ്പലപ്പുഴ: ക്ഷേത്രത്തിലെ പതക്കങ്ങള്‍ കാണാതായതിനുപിന്നില്‍ ക്ഷേത്രത്തിനുള്ളിലുള്ളവര്‍ തന്നെയെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍.
ഇന്നലെ ക്ഷേത്ര സന്ദര്‍ശനം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ പുറത്തുനിന്ന് ആരും എത്തിയിട്ടില്ല. സംഭവം ഞെട്ടിക്കുന്നതാണ്. നാളിതുവരെ നടക്കാത്ത കാര്യങ്ങള്‍ സംഭവിച്ചതായും മന്ത്രി പറഞ്ഞു.
അതേസമയം, സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇന്നലെ മെറ്റല്‍ ഡിക്ടറ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തി. ആറാട്ടിനുശേഷം ഭഗവാന് ചാര്‍ത്തിയ പൂമാലകള്‍ ആനത്തറയ്ക്ക് സമീപം കുഴിയിലിട്ട് കത്തിച്ചിരുന്നു.
ഇതിനോടൊപ്പം പതക്കവും കത്തിച്ചിട്ടുണ്ടാകാമെന്ന് മേല്‍ശാന്തിമാരും ജീവനക്കാരും മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കത്തിച്ച സ്ഥലത്ത് കഴിഞ്ഞദിവസം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഇതേത്തുടര്‍ന്നാണ് ഇന്നലെ മെറ്റല്‍ ഡിക്ടറ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തിയത്. ആലപ്പുഴയില്‍ നിന്നെത്തിയ പ്രത്യേകസംഘമാണ് പരിശോധന നടത്തിയത്. അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വിജയകുമാരന്‍ നായരുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."