മാവോയിസ്റ്റ് നേതാവ് ഷൈനി ജയില്‍മോചിതയാകുന്നു
കണ്ണൂര്‍: കേരളത്തിലെയും തമിഴ്‌നാട്ടിലെയും മാവോയിസ്റ്റ് കേസുകളില്‍ പ്രതിയായ മാവോയിസ്റ്റ് നേതാവ് ഷൈനിക്കു മൂന്നുവര്‍ഷത്തിനു ശേഷം ജാമ്യം നേടി പുറത്തിറങ്ങാം. 17 യു.എ.പി.എ കേസുകളിലാണ് കോയമ്പത്തൂര്‍ വനിതാ ജയിലില്‍ കഴിയുന്ന ഷൈനിക്ക് വിവിധ കോടതികള്‍ ജാമ്യം അനുവദിച്ചത്.
കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്. പലകേസുകളിലും മുന്‍പ് ജാമ്യം ലഭിച്ചിരുന്നെങ്കിലും മറ്റു കോടതികളില്‍ സമാന കേസുകളുള്ളതിനാല്‍ പുറത്തിറങ്ങാനായിരുന്നില്ല. ഏറ്റവുമൊടുവില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതോടെയാണ് ഷൈനിക്ക് ജയില്‍മോചനത്തിന് അവസരമൊരുങ്ങിയത്.
കോയമ്പത്തൂരില്‍ വച്ചാണു മാവോയിസ്റ്റ് നേതാവായ ഭര്‍ത്താവ് രൂപേഷിനൊപ്പം മൂന്നുവര്‍ഷം മുന്‍പ് തമിഴ്‌നാട്, ആന്ധ്രാ പൊലിസ് സംഘം ഇവരെ പിടികൂടിയത്. ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന രൂപേഷിനെതിരേയും നിരവധി യു.എ.പി.എ കേസുകളുണ്ട്. തമിഴ്‌നാട്ടില്‍ പത്തും കേരളത്തില്‍ ഏഴും യു.എ.പി.എ കേസുകള്‍ ഷൈനിക്കെതിരേയുണ്ട്.
വയനാട്ടില്‍ നാലും പാലക്കാട് രണ്ടും എറണാകുളത്ത് ഒരു യു.എ.പി.എ കേസുമാണു ഷൈനിക്കെതിരേ കേരളത്തിലുള്ളത്. തമിഴ്‌നാട്ടില്‍ കോയമ്പത്തൂരിലും തിരുപ്പൂരിലുമാണു കേസുള്ളത്.
മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും ലഘുലേഖകളും വിതരണം ചെയ്തതിനും കൂടാതെ സായുധ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നുമാണ് ഷൈനിക്കെതിരേ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ കേസില്‍ വ്യാജ സിംകാര്‍ഡ് സംഘടിപ്പിച്ചെന്ന കുറ്റവുമുണ്ട്.
ജാമ്യക്കാരെ സംഘടിപ്പിച്ച് ഷൈനിയെ ഉടന്‍ ജയില്‍ മോചിതയാക്കാനുള്ള ശ്രമത്തിലാണു മാവോയിസ്റ്റ് പ്രവര്‍ത്തകര്‍. തമിഴ്‌നാട്ടിലെ കേസുകളിലൊന്നില്‍ രക്തബന്ധുക്കളിലൊരാള്‍ ജാമ്യക്കാരനായിരിക്കണമെന്നും നിബന്ധനയുണ്ട്. ഓള്‍ഇന്ത്യാ പീപ്പിള്‍സ് റസിസ്റ്റന്റ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റായിരിക്കെയാണു ഷൈനിയെ ഭര്‍ത്താവിനൊപ്പം പൊലിസ് അറസ്റ്റുചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."