നവദമ്പതികളുടെ കൊല: തുമ്പൊന്നും ലഭിക്കാതെ അന്വേഷണ സംഘം
മാനന്തവാടി: കണ്ടത്തുവയലില്‍ നവദമ്പതികളെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം മൂന്ന് ദിവസം പിന്നിടുമ്പോഴും അന്വേഷണ സംഘത്തിന് തുമ്പൊന്നും ലഭിച്ചില്ല. കൊലപാതകത്തിന്റെ കാരണമോ കൊലനടത്തിയവരുടെ എണ്ണമോ രീതിയോ ഒന്നും തരിച്ചറിയാതെയാണ് മൂന്നാം ദിവസവും അന്വേഷണം പിന്നിട്ടത്. വെള്ളിയാഴ്ചയാണ് കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവര്‍ വെട്ടേറ്റ് മരിച്ചത്. രണ്ട്‌പേരെ കൊലപ്പെടുത്തിയത് കേവലം പത്ത് പവന്‍ സ്വര്‍ണ്ണാഭരണം മോഷ്ടിക്കാനാണെന്ന് പൊലിസ് വിശ്വസിച്ചിട്ടില്ല. എന്നാല്‍ മറ്റൊരു കാരണം കണ്ടെത്താന്‍ പൊലിസിന് കഴിയുന്നുമില്ല.
പ്രദേശത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് സംഭവം നടന്ന ദിവസത്തെയും സമയത്തെയും കോളുകളും പരിശോധിക്കുന്നുണ്ട്. റോഡിനോട് ചേര്‍ന്ന സി.സി കാമറ ദൃശ്യങ്ങളുടെ പരിശോധനയും ഇതര സംസ്ഥാന തൊഴിലാളികളുടെ വിരലടയാള പരിശോധനയും ഇന്നലെയും തുടര്‍ന്നു. ഇതിനിടെ ആളെമാറിയുള്ള ക്വട്ടേഷന്‍ കൊലയാണ് കണ്ടത്തുവയലില്‍ നടന്നതെന്ന പ്രചാരണവും നാട്ടുകാരില്‍ വ്യാപകമാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലനടത്തിയതെന്നും വ്യക്തമായിട്ടുണ്ട്. കൊലപാതകം നടന്ന സ്ഥലത്ത് നിന്നുള്ള സീന്‍ മഹസര്‍ തയാറാക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഫോറന്‍സിക് സര്‍ജന്‍ ഇന്ന് ഉച്ചയോടെ സ്ഥലത്തെത്തും. മാനന്തവാടി ഡിവൈ.എസ്.പി കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. രണ്ട് സി.ഐമാരും നാല് എസ്.ഐമാരുമുള്‍പ്പെട്ട സംഘം ആറ് ഗ്രൂപ്പായിട്ടാണ് അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."