ഭരണകൂട ഭീകരതയ്ക്കു നേരെ അടയുന്ന ശ്രവണേന്ദ്രിയങ്ങള്‍
'അതിനിഷ്ഠൂരമായ ഭരണകൂട ഭീകരതയുടെയും നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങളുടെയും സൈറണ്‍ വിളികളാല്‍ ഇന്ത്യന്‍ ജനതയുടെ ശ്രവണേന്ദ്രിയങ്ങള്‍ അടഞ്ഞുപോയിരിക്കുന്നു'- അടിയന്തിരാവസ്ഥക്കാലത്ത് ഇന്ത്യ കാണാനെത്തി അമലേന്ദു എന്ന ബംഗാളി നക്‌സലൈറ്റ് യുവാവിനെ പ്രണയിച്ച കുറ്റത്തിന് ഇന്ത്യന്‍ ജയിലില്‍ കഴിയേണ്ടി വന്ന മേരി ടെയ്‌ലര്‍ എന്ന ബ്രിട്ടിഷുകാരി രചിച്ച 'ഇന്ത്യന്‍ തടവറയില്‍ അഞ്ചു വര്‍ഷങ്ങള്‍' എന്ന കൃതിയിലെ വാചകമാണിത്. അക്കാലത്ത് തടവുകാര്‍ ജയിലുകളിലും പൊലിസ് സ്റ്റേഷനുകളിലുമൊക്കെ അനുഭവിക്കേണ്ടി വന്ന നിര്‍ദയ പീഡനങ്ങളുടെ ചില നേര്‍ക്കാഴ്ചകള്‍ അവര്‍ ഈ കൃതിയില്‍ വിവരിക്കുന്നുണ്ട്. ഭരണകൂട ഭക്തിയുടെ തിമിരം ബാധിക്കാത്ത, തെല്ലെങ്കിലും ഹൃദയാര്‍ദ്രതയുള്ള ആര്‍ക്കും നടുക്കത്തോടെ മാത്രമേ അതെല്ലാം വായിച്ചു തീര്‍ക്കാനാവൂ.
അടിയന്തിരാവസ്ഥയുടെ സവിശേഷ രാഷ്ട്രീയ സാഹചര്യവും അതിനോടുള്ള പ്രതിഷേധം സൃഷ്ടിച്ച ജനവികാരത്തില്‍ മാറിവന്ന സര്‍ക്കാര്‍ താല്‍പര്യമെടുത്ത് നടത്തിയ അന്വേഷണങ്ങളുമൊക്കെയാണ് അന്നത്തെ ഭരണകൂടാതിക്രമങ്ങള്‍ ജനമദ്ധ്യത്തില്‍ തുറന്നുകാട്ടപ്പെടാന്‍ ഇടയാക്കിയത്. അതൊന്നും അന്നത്തെ മാത്രം ഇന്ത്യയിലോ അല്ലെങ്കില്‍ ഇവിടെ മാത്രമോ നടക്കുന്ന കാര്യങ്ങളല്ല. ലോകത്തെങ്ങുമുള്ള ജനവിരുദ്ധ ഭരണകൂടങ്ങള്‍ എക്കാലവും പൗരസമൂഹങ്ങളോട് പെരുമാറുന്നത് ഇങ്ങനെയൊക്കെ തന്നെയാണ്. പേരിന് ഏകാധിപത്യ ഭരണകൂടങ്ങള്‍ തകരുകയും ജനാധിപത്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭരണവ്യവസ്ഥകള്‍ രൂപംകൊള്ളുകയും ചെയ്തിട്ടും വലിയ മാറ്റങ്ങളൊന്നും കൂടാതെ ഇന്നുമത് തുടരുകയാണ്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഏതാനും ചില ചെറുരാജ്യങ്ങള്‍ മാത്രമാണ് അതിനപവാദം.
അധികവും ഭരണകൂടങ്ങളുടെയും ഭരണവര്‍ഗത്തിന്റെയും രാഷ്ട്രീയ, വംശീയ പ്രതിയോഗികളാണ് ലോകത്തെങ്ങും ഭരണകൂട മര്‍ദനോപാധികളായ പട്ടാളത്തിന്റെയും പൊലിസിന്റെയുമൊക്കെ ക്രൂരതകള്‍ക്ക് ഇരകളാകുന്നത്. അതില്‍ തന്നെ വലിയൊരു പങ്ക് വംശീയമോ സാമ്പത്തികമോ ആയ ദുര്‍ബല, പിന്നാക്ക ജനവിഭാഗങ്ങളാണ്. വെള്ളക്കാര്‍ക്ക് ആധിപത്യമുള്ള ഇടങ്ങളില്‍ അത് നീഗ്രോകളും മതന്യൂനപക്ഷങ്ങളുമാണെങ്കില്‍ ഇന്ത്യയടക്കമുള്ള മറ്റിടങ്ങളില്‍ പിന്നാക്ക ജാതിക്കാരും മതന്യൂനപക്ഷങ്ങളുമാണ്. വംശീയ സാങ്കേതിക നാമങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ അതെല്ലാം ഏറെക്കുറെ ഒരേതരം ആളുകള്‍ തന്നെയാണെന്നു കാണാം. സാധാരണ വാര്‍ത്തകള്‍ മാത്രമായി അത് ജനസമൂഹങ്ങളുടെ നിസ്സംഗതയ്ക്കു മുകളിലൂടെ കാര്യമായ അലോസരമൊന്നും സൃഷ്ടിക്കാതെ പറന്നുപോകുകയാണ് പതിവ്. ചില സവിശേഷ രാഷ്ട്രീയ സന്ദര്‍ഭങ്ങളില്‍ മാത്രമാണത് ചര്‍ച്ചയോ പ്രതിഷേധ സ്വരങ്ങളോ ആയി പരിണമിക്കുന്നത്. അതുതന്നെ അധികം ആയുസില്ലാതെ കെട്ടടങ്ങുന്നു. വലിയ മാറ്റങ്ങളൊന്നുമില്ലാതെ ഭരണകൂട ഭീകരതകള്‍ തുടരുകയും ചെയ്യുന്നു.
അമേരിക്കയില്‍ ഈയിടെ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ ഒരു വെള്ള പൊലിസുകാരന്‍ പൊതുസ്ഥലത്ത് പകല്‍വെളിച്ചത്തില്‍ കാമറക്കണ്ണുകള്‍ക്കു മുന്നില്‍ കഴുത്തു ഞെരിച്ചു കൊന്ന സംഭവം പതിവുകള്‍ തെറ്റിച്ച് വന്‍തോതിലുള്ള ബഹുജന പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത്. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായ നിയന്ത്രണങ്ങള്‍ പോലും വകവയ്ക്കാതെ കറുത്ത വര്‍ഗക്കാര്‍ കൂട്ടംകൂട്ടമായി അമേരിക്കന്‍ തെരുവുകളിലിറങ്ങി. അവരോടൊപ്പം വെള്ളക്കാരിലെ മനുഷ്യസ്‌നേഹികള്‍ കൂടി ചേരുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഐക്യദാര്‍ഢ്യ സ്വരങ്ങള്‍ ഉയരുകയും ചെയ്തതോടെ അമേരിക്കന്‍ ഭരണകൂടത്തിനെതിരായ വന്‍ പ്രക്ഷോഭമായി അത് ആളിപ്പടര്‍ന്നു. ഇന്ത്യയില്‍ നിന്നടക്കം വലിയതോതിലുള്ള പിന്തുണയാണ് പ്രക്ഷോഭകാരികള്‍ക്കു ലഭിച്ചത്. ആ പ്രതിഷേധാഗ്നിയെ ഭയന്ന് ലോകത്തെ ഏറ്റവും കരുത്തനായ ഭരണാധികാരിയെന്നു കരുതപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റിന് ഒളിവില്‍ പോകേണ്ടിവരിക വരെയുണ്ടായി. എന്നാല്‍ അതിനിടയിലും അവിടെ മറ്റൊരു കറുത്ത വര്‍ഗക്കാരനെ മറ്റൊരു വെള്ള പൊലിസുകാരന്‍ പരസ്യമായി വെടിവച്ചുകൊന്ന സംഭവവുമുണ്ടായി.
ഈ കൊലകള്‍ കാമറക്കണ്ണുകള്‍ക്കു മുന്നിലായതുകൊണ്ടു കൂടിയാണ് അത് ഇത്രയേറെ ജനശ്രദ്ധയ്ക്കും പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കിയത്. ലോകത്തെങ്ങുമുള്ള ഭരണകൂട പീഡനങ്ങളിലും കൊലകളിലും 99 ശതമാനവും നടക്കുന്നത് ലോക്കപ്പ് മുറികളുടെയും തടവറകളുടെയും മറ്റും ഇരുട്ടിലും വിജനമായ പ്രദേശങ്ങളിലുമൊക്കെയാണ്. പലതരം ന്യായങ്ങള്‍ പറഞ്ഞുനില്‍ക്കാന്‍ പട്ടാള, പൊലിസ് ഉദ്യോഗസ്ഥര്‍ക്കും ഭരണാധികാരികള്‍ക്കുമൊക്കെ ഇത്തരം ചുറ്റുപാടുകള്‍ സൗകര്യം നല്‍കുന്നു. അതിനൊരു മികച്ച ഉദാഹരണം നമ്മുടെ രാജ്യം തന്നെയാണ്. ലോക്കപ്പ് മരണങ്ങളും ദുരൂഹ ഏറ്റുമുട്ടല്‍ മരണങ്ങളും ഈ രാജ്യത്ത് വ്യാപകമാണ്. കരിനിയമങ്ങള്‍ ഉപയോഗിച്ചുള്ള വേട്ടകള്‍ വേറെയും. ഇതിലെല്ലാം തന്നെ ഇരകള്‍ ബഹുഭൂരിപക്ഷവും ദലിതരടക്കമുള്ള പിന്നാക്ക ജാതിക്കാരും മതന്യൂനപക്ഷങ്ങളും മറ്റുമാണ്. സംഘ്പരിവാര്‍ അക്രമികള്‍ക്കും അവരുടെ രാഷ്ട്രീയമുള്ള പൊലിസുകാര്‍ക്കും എന്തും ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള, ബി.ജെ.പി ഭരിക്കുന്നിടങ്ങളിലും അതിര്‍ത്തി സംസ്ഥാനങ്ങളിലുമൊക്കെയാണ് ഇതിലധികവും നടക്കുന്നത്. അതോടൊപ്പം നമ്മുടെ കേരളമടക്കമുള്ള മറ്റു സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ചെറുതല്ലാത്ത സംഭാവനകള്‍ നല്‍കുന്നുണ്ട്.
ഇന്ത്യയില്‍ പ്രതിദിനം അഞ്ച് എന്ന നിലയില്‍ കസ്റ്റഡി മരണങ്ങള്‍ നടക്കുന്നുണ്ടെന്ന് നാഷനല്‍ കാംപയ്ന്‍ എഗൈന്‍സ്റ്റ് ടോര്‍ച്ചര്‍ (എന്‍.സി.എ.ടി) എന്ന മനുഷ്യാവകാശ സംഘടന കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2019ലെ കസ്റ്റഡി മരണങ്ങളുടെ കണക്കിനെ ആസ്പദമാക്കിയാണ് പഠനം. ഇതില്‍ ഒന്നാം സ്ഥാനത്തുള്ളത് ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശാണ്. തമിഴ്‌നാടും ബിഹാറും മധ്യപ്രദേശും ഗുജറാത്തുമൊക്കെ തൊട്ടുപിന്നാലെ വരുന്നു. ഇത്തിരി പിറകിലാണെങ്കിലും കേരളത്തെയും കസ്റ്റഡി കൊലകള്‍ക്ക് ഉപയോഗിച്ച സവിശേഷ മുറകള്‍ സഹിതം എടുത്തുപറയുന്നുണ്ട്. കസ്റ്റഡി കൊലകള്‍ക്കു പുറമെ ദുരൂഹ ഏറ്റുമുട്ടല്‍ മരണങ്ങള്‍ കൂടി ചേര്‍ത്താല്‍ ഈ കണക്ക് ഇരട്ടിക്കുമെന്നുറപ്പാണ്.
സ്വന്തം മേന്മ കാണിക്കാന്‍ നമ്മുടെ നാട്ടിലെ പൊതുരാഷ്ട്രീയബോധം മുതലാളിത്തവാദികളും അരാഷ്ട്രീയക്കാരുമൊക്കെയായി എഴുതിത്തള്ളുന്ന അമേരിക്കക്കാര്‍ തെരുവുകള്‍ പ്രതിഷേധജ്വാലകൊണ്ടു നിറച്ചപ്പോള്‍ സ്വന്തം രാജ്യത്തു നടക്കുന്ന സമാന സംഭവങ്ങള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സമൂഹമെന്ന് അഭിമാനിക്കുന്ന ജനതയില്‍ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കുന്നില്ലെന്നതാണ് സത്യം. പ്രതിപക്ഷ കക്ഷികളുടെയും മറ്റു ചില സംഘടനകളുടെയും പത്രക്കുറിപ്പുകളിലും ആള്‍ക്കൂട്ടം കുറഞ്ഞ പ്രകടനങ്ങളിലുമൊക്കെയായി ഒതുങ്ങുകയാണ് ഇവിടുത്തെ പ്രതിഷേധസ്വരങ്ങള്‍. അമേരിക്കയിലെ കറുത്ത ജനതയ്ക്ക് വന്‍തോതില്‍ ഐക്യദാര്‍ഢ്യം കടല്‍ കടത്തിവിട്ട കേരളം പോലും സ്വന്തം രാജ്യത്തെ ഭീതിജനകമായ അവസ്ഥയെ അത്ര കാര്യമായെടുക്കുന്നില്ലെന്ന് ഏറ്റവും സമീപകാലത്തു നടന്ന സംഭവങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ബ്രിട്ടിഷ് സാമ്രാജ്യത്വത്തെ കെട്ടുകെട്ടിച്ച സമരപാരമ്പര്യമുള്ള ഒരു ജനത ഇത്രയേറെ നിസ്സംഗതയില്‍ മുഖംപൂഴ്ത്താന്‍ കാരണം മൂന്നര പതിറ്റാണ്ടുകള്‍ക്കു മുന്‍പ് മേരി ടെയ്‌ലര്‍ എഴുതിവച്ചതു തന്നെയല്ലാതെ മറ്റൊന്നുമാവാനിടയില്ല. ഇന്ത്യന്‍ ജനതയുടെ ശ്രവണേന്ദ്രിയങ്ങള്‍ അടഞ്ഞുപോയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."