എം.എം ജേക്കബ്: നിലപാടുകളില്‍ കാര്‍ക്കശ്യക്കാരനായ നേതാവ്
പാലാ: നിലപാടുകളില്‍ കാര്‍ക്കശ്യം പുലര്‍ത്തിയിരുന്ന കോണ്‍ഗ്രസിലെ അപൂര്‍വം നേതാക്കളിലൊരാളെയാണ് എം.എം ജേക്കബിന്റെ നിര്യാണത്തെ തുടര്‍ന്ന് നഷ്ടമായിരിക്കുന്നത് . പാലായുടെ രാഷ്ട്രീയ പാരമ്പര്യത്തില്‍ പി.ടി. ചാക്കോയ്ക്കു ശേഷം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ വ്യക്തിത്വമായിരുന്നു ജേക്കബിന്റേത്. പാലായേയും കോട്ടയത്തെയും ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തിച്ചതും അദ്ദേഹത്തിന്റെ നേട്ടം തന്നെ.
1952 ല്‍ ബി.എസ്.എസിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ എം.എം ജേക്കബ് ദേശീയ- സംസ്ഥാന തലത്തില്‍ നിരവധി സ്ഥാനങ്ങളാണ് വഹിച്ചിട്ടുള്ളത്. കേരള കോണ്‍ഗ്രസിന്റെ തട്ടകത്തില്‍ കോണ്‍ഗ്രസിന് വേണ്ടി ശക്തമായി നിലകൊണ്ട നേതാവായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിനൊപ്പം യുവജന മുന്നേറ്റത്തിന് നേതൃത്വം നല്‍കി. നിലപാടുകളിലെ കാര്‍ക്കശ്യമായിരുന്നു ജേക്കബിന്റെ പ്രത്യേകത.
1952ല്‍ രാമപുരത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്നു. കോട്ടയത്ത് അഭിഭാഷകനായും പ്രവര്‍ത്തിച്ചു. 1954ല്‍ രാഷ്ട്രീയ രഹിത വോളന്ററി സംഘടനയായ ഭാരത് സേവക് സമാജില്‍ ചേര്‍ന്നു. വോളന്റിയര്‍മാരേയും കാംപ് ലീഡര്‍മാരെയും പരിശീലിപ്പിക്കുന്ന ജോലിയായിരുന്നു ഇദ്ദേഹത്തിന്. 1960-ല്‍ ശ്രീലങ്കയിലും പ്രവര്‍ത്തിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ കെ.എം മാണിക്കെതിരേ രണ്ടു തവണ മത്സരിച്ചു. 1970ല്‍ 374 വോട്ടിനും പിന്നീട് 10 വര്‍ഷത്തിനു ശേഷം 1980ല്‍ 4,566 വോട്ടിനും മാണിയോടു പരാജയപ്പെട്ടു. 1982ലും 1988ലും രാജ്യസഭാംഗമായി. 1986ല്‍ രാജ്യസഭാ ഉപാധ്യക്ഷനാകുന്ന ആദ്യ മലയാളിയെന്ന ചരിത്രം കുറിക്കാനും അദ്ദേഹത്തിനായി.
രാജ്യസഭയില്‍ ചീഫ് വിപ്പായും പ്രവര്‍ത്തിച്ചു. 1984ല്‍ സബോര്‍ഡിനേറ്റ് ലജിസ്‌ലേഷന്‍ കമ്മറ്റിയുടേയും 1993-94ല്‍ ആഭ്യന്തര മന്ത്രാലയ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടേയും ചെയര്‍മാന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എ.ഐ.സി.സി അംഗം, കോണ്‍ഗ്രസ് ദേശിയ ജനറല്‍ സെക്രട്ടറി, ഭാരത് സേവക് സമാജ് അഖിലേന്ത്യാ വൈസ് ചെയര്‍മാന്‍, റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ പ്രസിഡന്റ്, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചു. വീക്ഷണം പത്രത്തിന്റെ മാനേജിങ് ഡയരക്ടറും തിരുവനന്തപുരത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന കോണ്‍ഗ്രസ് റിവ്യൂ എന്ന ദ്വൈവാരികയുടെ പത്രാധിപരും ആയിരുന്നു.
അഴിമതിക്കെതിരായി പ്രവര്‍ത്തിക്കുന്ന സദാചാര്‍ സമിതിയുടെ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സമിതി കേരളത്തിലെ എല്ലാ ജില്ലകളിലും ശാഖകള്‍ അക്കാലത്ത് തുടങ്ങിയതിനു പിന്നിലും ജേക്കബായിരുന്നു. 1975 മുതല്‍ 1981 വരെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ പ്രസിഡന്റായിരുന്നു. കോട്ടയം ജില്ലാ സഹകരണ ബാങ്കിന്റെ ഡയരക്ടര്‍, പാലാ റബര്‍ മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ഡയരക്ടര്‍, ചിത്രലേഖ ഫിലിം കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ഡയരക്ടര്‍, ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തിനപ്പുറം വിശാലമായ പ്രവര്‍ത്തന മണ്ഡലം തീര്‍ത്ത ജേക്കബ് ഇപ്പോഴത്തെ പല നേതാക്കളുടെയും രാഷ്ട്രീയ ഗുരു കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."