യൂത്ത്ലീഗ് ജലസഭ: സംസ്ഥാനതല ഉദ്ഘാടനം നാളെ
കല്‍പ്പറ്റ: മുസ്ലിം യൂത്തലീഗ് ജലസംരക്ഷണ കാംപയിനിന്റെ ഭാഗമായുള്ള ജലസഭയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉച്ചക്ക് മൂന്നിന് മേപ്പാടി പഞ്ചായത്തിലെ ഓടത്തോട് വെച്ചാണ് ജലസഭ നടക്കുന്നത്. ജലസഭയുടെ സംസ്ഥാനതല ഉദ്ഘാടനം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി നിര്‍വഹിക്കും.
യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ജല ബജറ്റ് അവതരിപ്പിക്കും. മുന്‍ എം.എല്‍.എ എം.വി ശ്രേയാംസ്കുമാര്‍, സാഹിത്യകാരി സി.എസ് ചന്ദ്രിക, അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. രാജേന്ദ്രന്, പി.പി.എ കരീം, കെ.കെ അഹമ്മദ് ഹാജി സംസാരിക്കും. മലിനജല ശുദ്ധീകരണത്തില്‍ മാതൃക സൃഷ്ടിച്ച ചെറുതോട്ടില്‍ വര്‍ഗീസിനെ ജലസഭയില്‍ ആദരിക്കും. കാംപയിന്റെ ഭാഗമായി സംസ്ഥാനത്തെ 5000 കേന്ദ്രങ്ങളില്‍ ജലസഭകള്‍ സംഘടിപ്പിക്കും.
ശാഖാകമ്മിറ്റികളുടെ നേതൃത്വത്തില്‍ 100-200 വീടുകള്‍ കേന്ദ്രീകരിച്ച് ജലസഭകള്‍ സംഘടിപ്പിക്കും. വരള്‍ച്ച, ജല മലിനീകരണം എന്നിവയുടെ കാരണങ്ങളും പ്രത്യാഘാതങ്ങളും മനസ്സിലാക്കുന്ന ഫോട്ടോകളും, സിഡികളും ജലസഭയില്‍ പ്രദര്‍ശിപ്പിക്കും. സംസ്ഥാന കമ്മിറ്റി തയാറാക്കിയ വാട്ടര്‍ മാനിഫെസ്റ്റോയും ജലസഭയില്‍ അവതരിപ്പിക്കും. ജൈവ കര്‍ഷകര്‍, നെല്‍കര്‍ഷകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ജലസഭയില്വെച്ച് ആദരിക്കും.
തങ്ങളുടെ പ്രദേശത്ത് സംരക്ഷിക്കപ്പെടേണ്ട ജലാശയങ്ങളെ സംബന്ധിച്ച് പൊതു ചര്‍ച്ചകള്‍ നടത്തും. കുട്ടികളും സ്ത്രീകളും ഉള്‍പ്പടെയുള്ളവര്‍ പരിപാടിയില്‍ പങ്കാളികളാകും.
വാര്‍ത്താസമ്മേളനത്തില്‍ യൂത്ത്ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് പി. ഇസ്മായില്‍, വയനാട് ജില്ലാ പ്രസിഡന്റ് കെ. ഹാരിസ്, വൈസ്പ്രസിഡന്റ് ഷമീം പാറക്കണ്ടി, സംഘാടക സമിതി ട്രഷറര്‍ സലിം മേമന പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."