കാട്ടുപന്നിയെ കറിവച്ചു വില്പന നടത്തി; രണ്ടുപേര്‍ പിടിയില്‍
വെള്ളരിക്കുണ്ട്: കാട്ടുപന്നിയെ കറിവച്ചു വില്പന നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ബളാല്‍ മരുതംകുളത്താണ് സംഭവം. മരുതംകുളത്തെ അനാദി കച്ചവടക്കാരന് ജോസഫ് മുണ്ടനാട്ട് (58), പി.പി ശങ്കരന്(80) എന്നിവരെയാണ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ സുധീര്‍ നെരോത്തും സംഘവും പിടികൂടിയത്.
ഹൊസ്ദുര്‍ഗ് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ജോസഫിനെ രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു. പ്രായാധിക്യം മൂലം ശങ്കരനെ കോടതിയില്‍ ഹാജരാക്കാതെ ജാമ്യത്തില്‍ വിട്ടു. ശങ്കരന് പറമ്പില്‍ വച്ച് പന്നിയെ കെണിവച്ച് പിടികൂടിയ ശേഷം കൊന്ന് ഇറച്ചിയാക്കി ജോസഫിനു നല്കി. ഇതിനെ ജോസഫ് കറിയാക്കി കടയില്‍ വില്പന നടത്തുകയായിരുന്നുവത്രെ. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ സുധീര്‍ നെരോത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ജോസഫിന്റെ കടയില്‍ നിന്നു പന്നിയിറച്ചിക്കറി പിടികൂടിയത്.
അന്വേഷണ സംഘത്തില്‍ സെക്ഷന്‍ ഓഫിസര്‍മാരായ എം. ലോഹിതാക്ഷന്, ജോസഫ്, പ്രഭാകരന്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ. അനിലന്‍, ഡ്രൈവര്‍ ഗിരീഷ്കുമാര്‍ എന്നിവരാണുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."