തിരൂര്‍ സ്വപ്ന നഗരി പദ്ധതി; പ്രതീക്ഷകള്‍ക്ക് ചിറക് മുളയ്ക്കുന്നു
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേര്‍ന്നു
തിരൂര്‍: വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിഭാവനം ചെയ്ത തിരൂര്‍ സ്വപ്ന നഗരി പദ്ധതി പ്രതീക്ഷകള്‍ക്ക് ചിറക് മുളയ്ക്കുന്നു. ഡോ. കെ.ടി ജലീല്‍ പ്രത്യേക താല്‍പര്യമെടുത്ത് പദ്ധതി സര്‍ക്കാരിന്റെ സജീവ ശ്രദ്ധയില്‍ കൊണ്ടുവന്നതോടെയാണ് ഇതുസംബന്ധിച്ച പ്രതീക്ഷകള്‍ വീണ്ടും ശക്തമായിരിക്കുന്നത്.
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തതോടെ പദ്ധതി അധികം വൈകാതെ തന്നെ നടപ്പാക്കാനാകുമെന്ന പ്രതീക്ഷയിലാണ് തിരൂര്‍ നഗരസഭാ അധികൃതര്‍. തിരൂരിന്റെ സമഗ്രവികസനം ലക്ഷ്യംവച്ച് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പദ്ധതി വിഭാവനം ചെയ്തത്. ഇടതുമുന്നണി നഗരസഭാ തെരഞ്ഞെടുപ്പ് വേളയില്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയ ഇനമാണ് ഈ പദ്ധതി. അന്ന് 246 കോടി രൂപയായിരുന്നു മതിപ്പ് ചെലവ് കണക്കാക്കിയിരുന്ന്. എന്നാല്‍ പത്ത് വര്‍ഷത്തിലധികം പിന്നിട്ട സാഹചര്യത്തില്‍ പദ്ധതി ചെലവ് 318 കോടി രൂപയോളമാകാനാണ് സാധ്യത.
ഹോള്‍സെയില്‍ റീട്ടെയില്‍ മത്സ്യമാര്‍ക്കറ്റ്, ബസ് സ്റ്റാന്‍ഡ്, വാട്ടര്‍ തീം പാര്‍ക്ക് , മള്‍ട്ടിപ്ലസ് തീയറ്റര്‍, 162 ഷോപ്പ് റൂംസ് തുടങ്ങിയ സൗകര്യങ്ങളൊരുക്കി പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ശ്രമം. പദ്ധതിയ്ക്കായി ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് ബൗദ്ധിക സൗകര്യങ്ങളോടെ തിരിച്ചുനല്‍കാനും ഇതിന് പുറമെ ഒരേക്കര്‍ 50 സെന്റ് ഭൂമി പൊതു വിപണിയിലേക്ക് നല്‍കാനുമാണ് പ്രാഥമിക ആലോചന.
പദ്ധതി സംബന്ധിച്ച് വി. അബ്ദുറഹ്മാന്‍ എം.എല്‍.എ നടത്തിയ അനൗപചാരിക ചര്‍ച്ചയെ തുടര്‍ന്നാണ് മന്ത്രി കെ.ടി ജലീല്‍ മുന്‍കൈയെടുത്ത് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മന്ത്രിയുടെ ചേംബറില്‍ ഉന്നതതലയോഗം വിളിച്ചത്.
മന്ത്രിയ്ക്കും എം.എല്‍.എയ്ക്കും പുറമെ അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ്,എല്‍.എസ്.ജി.ഡി സ്‌പെഷല്‍ സെക്രട്ടറി, അര്‍ബന്‍ അഫയേഴ്‌സ് ഡയറക്ടര്‍ , ചീഫ് ടൗണ്‍ പ്ലാനര്‍, കോഴിക്കോട് മലപ്പുറം ടൗണ്‍ പ്ലാനര്‍മാര്‍, സെക്രട്ടറിയേറ്റിലെ ജോയിന്റ് സെക്രട്ടറിമാര്‍ നഗരസഭ ചെയര്‍മാന്‍ കെ. ബാവ, കൗണ്‍സിലര്‍ ഇസ്ഹാക്ക് മുഹമ്മദലി, മുനിസിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."