പോരാളികള്‍ വരച്ച ദേശഭൂപടങ്ങള്‍
1921ലെ മലബാര്‍ സമരം കഴിഞ്ഞ് 40 വര്‍ഷത്തിനുശേഷമായിരുന്നു എന്റെ ജനനം. മലബാര്‍ സമരത്തിലെ സുപ്രധാന ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ആനക്കയം പഞ്ചായത്തിലെ പാപ്പിനിപ്പാറയില്‍. മറ്റൊരു സമരഭൂമിയായിരുന്ന പൂക്കോട്ടൂര്‍ അയല്‍ഗ്രാമമായിരുന്നു. സമരകാലത്ത് മുത്തച്ഛനു വെട്ടേറ്റുവെന്നും വെട്ടുതടുത്തപ്പോള്‍ മൂന്ന് വിരലുകള്‍ അറ്റുതൂങ്ങിയെന്നും അമ്മ പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. ഏതോ അനുഷ്ഠാനത്തിന്റെ ഭാഗമായ യാത്രയില്‍ നന്നേ പുലര്‍ച്ചെ ആനക്കയം പുഴയില്‍ മുങ്ങിക്കുളിച്ചു വരുമ്പോഴാണ് ആ സംഭവമുണ്ടായത്. സമരക്കാര്‍ക്ക് പറ്റിയ ഒരു കൈയബദ്ധമായിരുന്നു അത്. ആളെ മാറി വെട്ടിയതാണ്. അതിനാല്‍ അവര്‍ തന്നെ മുത്തച്ഛനെ കൊണ്ടുപോയി ചികിത്സിച്ചു. ജീവിത കാലം മുഴുവന്‍ ആ മൂന്ന് വിരലുകള്‍ മടക്കാന്‍ പ്രയാസമായിരുന്നു അദ്ദേഹത്തിന്. മന്ത്രവാദിയും നാട്ടുവൈദ്യനുമായിരുന്നു എന്റെ മുത്തച്ഛന്‍. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ കൂടുതലും മുസ്‌ലിം സഹോദരന്മാരായിരുന്നു. എന്നാല്‍ തന്റെ ജീവിതത്തിലുണ്ടായ ആ വേദനിപ്പിക്കുന്ന അനുഭവം ഒരു തരത്തിലുമുള്ള മുസ്‌ലിം വിരോധത്തിനു കാരണമായതുമില്ല.
മലബാര്‍ സമരം ഏതെങ്കിലും തരത്തില്‍ ഹിന്ദു-മുസ്‌ലിം സൗഹൃദത്തിനു പരുക്കേല്‍പ്പിച്ച ഒരനുഭവം കുട്ടിക്കാലത്ത് ഞാന്‍ അറിഞ്ഞിട്ടില്ല. തറവാട്ടില്‍ കാര്യസ്ഥന്റെ റോള്‍ കൂടി ഉണ്ടായിരുന്ന അലവ്യാക്കയെ ഞങ്ങള്‍ ഒരമ്മാവന്റെ സ്ഥാനത്താണ് കണ്ടത്. അമ്മയുടെ അനുജന്മാര്‍ വിളിക്കുന്നത് കേട്ട് അദ്ദേഹവും എന്റെ അമ്മയെ ഒപ്പോളേ എന്ന് വിളിച്ചു. അദ്ദേഹം ചെറുകിട കൃഷിക്കാരനും നാട്ടുപണികള്‍ ചെയ്യുന്ന ആളുമായിരുന്നു. ഞങ്ങളുടെ ഗ്രാമത്തില്‍ മറ്റൊരു നായര്‍ തറവാട്ടില്‍ പ്രധാന കാര്യസ്ഥന്റെ റോളും അദ്ദേഹത്തിനുണ്ടായിരുന്നു. അക്കാലത്ത് ഹിന്ദു ഗൃഹങ്ങളില്‍ കാര്യസ്ഥ ജോലികളില്‍ മുസ്‌ലിംകള്‍ ധാരാളമുണ്ടായിരുന്നു. വലിയ മുസ്‌ലിം തറവാടുകളില്‍ ഹിന്ദുക്കളും അത്തരം ജോലികള്‍ ചെയ്തു. 1921നു ശേഷവും ഇതിലൊന്നും ഒരു മാറ്റവും ഉണ്ടായില്ല. അലവ്യാക്കയുടെ ഉപ്പ മലബാര്‍ സമരത്തില്‍ പങ്കെടുത്ത് അന്തമാനില്‍ തടവുകാരനായിരുന്നു. പിന്നീട് പാപ്പിനിപ്പാറയില്‍ കൃഷിക്കാരനായി ജീവിച്ചു.
മലബാര്‍ സമരവുമായി ബന്ധപ്പെട്ട ധാരാളം ജീവിതങ്ങള്‍ നേരിട്ടും അല്ലാതെയും എനിക്ക് പരിചിതമായിരുന്നു. ഈ സമരം നടന്ന പ്രദേശങ്ങളിലൊക്കെ ഹിന്ദു- മുസ്‌ലിം സൗഹൃദത്തിന് അഗാധമായ വേരോട്ടമുണ്ടായിരുന്നു. ഏറനാടും വള്ളുവനാടുമായിരുന്നു സമരസിരാകേന്ദ്രങ്ങള്‍. അവിടുത്തെ ഗ്രാമങ്ങളില്‍ കാണുന്നതുപോലെ ഹിന്ദു- മുസ്‌ലിം ഇഴയടുപ്പം മറ്റൊരിടത്തും കാണാനാവില്ല. നവ ഹിന്ദുത്വവാദികള്‍ പ്രചരിപ്പിക്കുംപോലെ ഹിന്ദുവിരുദ്ധത ഏതെങ്കിലും തരത്തില്‍ ഈ സമരത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ പില്‍ക്കാലത്ത് തെളിഞ്ഞുകാണേണ്ടിയിരുന്നത് ഹിന്ദു- മുസ്‌ലിം അകലമാണല്ലോ. ഇത് മനസ്സിലാക്കാന്‍ സാമാന്യ യുക്തി മതി.
കുട്ടിക്കാലത്തെ ഒരോര്‍മ്മ മായാതൊ നില്‍ക്കുന്നു. അത് ഓമാനൂര്‍ ശുഹദാക്കളുടെ (രക്തസാക്ഷികള്‍) നേര്‍ച്ചപ്പെട്ടിയില്‍ ഞങ്ങള്‍ പണമിട്ടിരുന്നതാണ്. പാപ്പിനിപ്പാറയില്‍നിന്ന് മഞ്ചേരിയിലേക്ക് പോകുംവഴിയില്‍ ഇത്തരം നേര്‍ച്ചപ്പെട്ടികള്‍ ധാരാളമുണ്ടായിരുന്നു. ബ്രിട്ടിഷ് കാലഘട്ടത്തില്‍ ഫ്യൂഡല്‍ ദുഷ്പ്രഭുത്വത്തിനെതിരേ പോരാടി വീരമൃത്യുവരിച്ചവരാണ് ഓമാനൂര്‍ രക്തസാക്ഷികള്‍. മലബാര്‍ സമരത്തിന് പല അടരുകള്‍ ഉണ്ടായിരുന്നു. അതിലൊന്ന് ഫ്യൂഡല്‍ പ്രഭുക്കന്മാര്‍ക്കും ജന്മികള്‍ക്കും എതിരേ ഈ വ്യവസ്ഥയുടെ ഇരകളായിരുന്നവരുടെ പോരാട്ടമാണ്. അവരില്‍ ഹിന്ദുക്കളുമുണ്ടായിരുന്നു. ജന്മികള്‍ ബ്രിട്ടിഷ് പക്ഷപാതികളുമായിരുന്നു.
തറവാട്ടില്‍ കന്നുകാലികള്‍ക്കും കോഴികള്‍ക്കും ദീനം വന്നാല്‍ ഓമാനൂര്‍ ശുഹദാക്കളുടെ നേര്‍ച്ചപ്പെട്ടിയിലേക്കും കാക്കരക്കാളി ഭഗവതിയുടെ നേര്‍ച്ചപ്പെട്ടിയിലേക്കും പണം ഉഴിഞ്ഞുവയ്ക്കും. ഇത്തരം നേര്‍ച്ചകള്‍ ഏറനാട്ടിലും വള്ളുവനാട്ടിലും ധാരാളമുണ്ടായിരുന്നു. അതിലൊക്കെ ഹിന്ദുജനവിഭാഗങ്ങളും പങ്കാളികളായി. സാമൂഹിക ജീവിതത്തില്‍ മതേതരമായ ഇഴയടുപ്പം ഉണ്ടാക്കുന്നതില്‍ നേര്‍ച്ചകള്‍ക്ക് വലിയ പങ്കുണ്ട്. ഇതിന് സമാനമായ ഒരു മിത്ത് ശൈഖ് തങ്ങളുടെ പാണ്ടന്‍ കുതിരയെ സംബന്ധിച്ച് ഖസാക്കിന്റെ ഇതിഹാസത്തില്‍ ഒ.വി വിജയന്‍ വിവരിക്കുന്നുണ്ട്. പാണ്ടന്‍ കുതിരയെ ഖബറടക്കിയത് ഖസാക്കിലെ വെളിമ്പറമ്പിലാണ്. ശൈഖിനെയും കുതിരയെയും ഖസാക്കിലെ ഹിന്ദുക്കളും ആദരിച്ചു. പഴനിമല കയറുന്ന മുരുക ഭക്തര്‍ കാല് തളരുമ്പോള്‍ പാണ്ടന്‍ കുതിരയെ വിളിക്കുമെന്നും ആ കുതിര വന്ന് കാലു തളര്‍ന്നവരെ മലമോളിലെത്തിക്കുമെന്നും ഖസാക്കുകാര്‍ വിശ്വസിച്ചു.
മതവും പൗരോഹിത്യവും സാമ്രാജ്യത്വവിരുദ്ധസമരങ്ങള്‍ക്ക് ചാലകശക്തിയായതാണ് കേരളത്തിലെ ഇസ്‌ലാം അനുഭവം. പോര്‍ച്ചുഗീസ് കാലംതൊട്ട് അങ്ങനെയായിരുന്നു. മതവും ആത്മീയതയും ചേര്‍ന്ന പോരാട്ട വീര്യം പൊന്നാനിയിലായാലും മമ്പുറത്തായാലും അത് അസാധാരണം തന്നെയായിരുന്നു. ഭാരതത്തില്‍ സൂഫിവര്യന്മാരുടെ എത്രയോ ഖബര്‍സ്ഥാനുകള്‍ ഇതരമതസ്ഥരുടെയും തീര്‍ഥാടന കേന്ദ്രങ്ങളാണ്. അവരുടെ ജീവിതവും സന്ദേശവും അത്രമേല്‍ ഹൃദയഹാരിയായതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. കേരളത്തിലും ധാരാളം മുസ്‌ലിം പുരോഹിതരുടെ ഖബര്‍സ്ഥാനുകളിലേക്ക് ഹിന്ദുക്കളും തീര്‍ഥാടനത്തിനു പോകുന്നു. പൊന്നാനിയിലും മമ്പുറത്തുമൊക്കെ ഇത് കാണാം. ഇതെല്ലാം സാമുദായികമായി പല സമന്വയങ്ങളും സാധ്യമാക്കി.
അതേസമയം സംഘ്പരിവാര്‍ പ്രത്യയശാസ്ത്രത്തില്‍ സാമ്രാജ്യത്വവിധേയത്വമേ ഉണ്ടായിരുന്നുള്ളൂ. വൈദേശിക ശക്തികള്‍ക്കെതിരേ പോരാടിയ ചരിത്രം അവര്‍ക്കില്ല. എന്നാല്‍, ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കിടയിലെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളെ അംഗീകരിച്ചാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ മുസ്‌ലിം പങ്കാളിത്തത്തിന്റെ മഹത്വവും അംഗീകരിക്കേണ്ടിവരും. ഒറ്റുകാരുടെ പ്രത്യയശാസ്ത്രത്തിന് അത് സാധ്യമല്ല. മുസ്‌ലിംകളെ ദേശവിരുദ്ധരും അപരന്മാരുമായി കാണുന്നതാണ് അവരുടെ രീതി. പിന്നെയെങ്ങനെയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സംഘ്പരിവാരത്തിന് അംഗീകരിക്കാനാവുക. ഗാന്ധി ഘാതകരുടെ പിന്തുണ മഹാനായ ഈ പോരാളിക്ക് ആവശ്യവുമില്ല.
മലബാര്‍ സമരത്തിലെ ഓരോ ഘട്ടത്തിലും ഹിന്ദുക്കളും പോരാട്ടഭൂമിയിലുണ്ടായിരുന്നു. കട്ടിലശ്ശേരി മുഹമ്മദ് മൗലവിക്കൊപ്പം എം.പി നാരായണമേനോനുമുണ്ടായിരുന്നു. കമ്പളത്ത് ഗോവിന്ദന്‍ നായരുടെ പടപ്പാട്ട് അങ്ങനയൊന്നും മായ്ച്ചുകളയാനാവില്ല. ബ്രിട്ടിഷ് വിരുദ്ധ സാഹിത്യ രചനകളുടെ പേരിലാണ് കമ്പളത്തിനെ തടവുശിക്ഷയ്ക്ക് വിധേയനാക്കിയത്. കാഹളമെന്ന ദ്വൈവാരികയില്‍ ജന്മിത്വത്തിന്റെ കാലടിയില്‍ എന്ന നാടകമെഴുതിയതിന് മൂന്ന് വര്‍ഷം സാഹിത്യ രചന നടത്തരുത് എന്ന വിലക്കും അദ്ദേഹത്തിനുണ്ടായി. സംഘ്പരിവാരം എത്ര ദുര്‍വ്യാഖ്യാനം ചെയ്താലും ചരിത്രത്താളുകളിലെ ജീവനുകള്‍ മായ്ക്കാനാവില്ല. ജാലിയന്‍ വാലാബാഗിനേക്കാള്‍ വലിയ കുരുതികളാണ് മലബാറില്‍ അരങ്ങേറിയത്. പതിനായിരക്കണക്കിന് പോരാളികള്‍ രക്തസാക്ഷികളായി. അതില്‍ ഹിന്ദുക്കളുമുണ്ടായിരുന്നു. ബ്രിട്ടിഷ് പട്ടാളം നടത്തിയ ക്രൂരതകള്‍ ഭയാനകമായിരുന്നു. സത്യത്തില്‍ കുഞ്ഞഹമ്മദ് ഹാജിയും ആലിമുസ്‌ലിയാരുമൊക്കെ മഹാത്മാഗാന്ധിയോട് ആരാധന പുലര്‍ത്തിയവര്‍ തന്നെയായിരുന്നു. ബ്രിട്ടിഷ് പട്ടാളത്തിന്റെ ക്രൂരതകളാണ് അവരെ സായുധ പോരാളികളാക്കിയത്. ഇസ്‌ലാമിന്റെ ആത്മീയതയും പ്രവാചകന്റെ പോരാട്ടവും ചേര്‍ന്നതായിരുന്നു അവരുടെ സമരമാര്‍ഗം.
വാഗണ്‍ ട്രാജഡിയെന്ന കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ ഹിച്ച്‌കോക്ക് സായിപ്പുപോലും മലബാറിലെ കര്‍ഷക കലാപം എന്നാണ് വിലയിരുത്തിയത്. ലഹളയുണ്ടാവാന്‍ ഹിന്ദുക്കള്‍ വഹിച്ച പങ്കും അതില്‍ പങ്കാളികളാവാത്ത അനേകം മാപ്പിളമാരെയും കണക്കിലെടുക്കുമ്പോള്‍ അതിനെ മാപ്പിള ലഹളയെന്ന് പറയുന്നത് ശരിയല്ലെന്ന് ഹിച്ച്‌കോക്ക് പോലും പറഞ്ഞുവച്ചു. ആനക്കയത്തുനിന്ന് കുഞ്ഞഹമ്മദാജിയുടെ നേതൃത്വത്തിലുള്ള ജാഥ മഞ്ചേരിയിലേക്ക് വരുമ്പോള്‍ അക്കൂട്ടത്തില്‍ ആയുധധാരികളായ അഞ്ഞൂറോളം ഹിന്ദുക്കളുണ്ടായിരുന്നുവെന്ന് സര്‍ദാര്‍ ചന്ത്രോത്ത് എഴുതിയിട്ടുണ്ട്.
മലബാര്‍ സമരത്തിന് ഒരു നൂറ്റാണ്ട് തികയുന്നു. അപ്പോഴേക്കും ഇന്ത്യയില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ സംഭവിച്ചു. ജനാധിപത്യം ദുര്‍ബലമായി. വംശീയതയും ഫാസിസവും പുതിയ വൈറസുകളായി പടര്‍ന്നു. അവര്‍ അവരുടെ ചരിത്രാഖ്യാനങ്ങള്‍ ജനതയ്ക്കുമേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ ഓര്‍മകളാവണം നമ്മുടെ പ്രതിരോധം. ഇപ്പോള്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന പേര് ആത്മാഭിമാനികളായിരുന്ന ഒരു ജനതയുടെ യഥാര്‍ഥ പോരാട്ട ചരിത്രത്തിലേയ്ക്ക് വാതില്‍ തുറക്കാന്‍ ഒരു നിമിത്തമായി. ഫാസിസത്തോടും വംശീയവാദത്തോടും നമുക്ക് കുതറിനിന്നേ മതിയാവൂ. ചരിത്രം തിരുത്തിയ പോരാളികളുടെ ഓര്‍മകള്‍ നമുക്ക് ശക്തിപകരണം. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള രക്തസാക്ഷിത്വങ്ങള്‍ ജനതയുടെ അഭിമാനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."