കല്യാണ്‍സിങ്ങിനെതിരേ നടപടിയെടുക്കണമെന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങിനെതിരേ അടിയന്തരമായി നടപടിയെടുക്കണമെന്ന് രാഷ്ട്രപതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുവേണ്ടി കാമറയിലൂടെ പ്രചാരണം നടത്തിയതാണ് ഗവര്‍ണര്‍ക്ക് വിനയായത്. ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രപതിക്കു പരാതി നല്‍കുകയായിരുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയ കല്യാണ്‍സിങ് കുറ്റക്കാരനാണെന്നു കാണിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ പരാതി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആഭ്യന്തര മന്ത്രാലയത്തിന് അയക്കുകയായിരുന്നു. ഇതോടെ കല്യാണ്‍സിങ്ങിനെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിതനാവും.
രാജിവയ്ക്കുകയാണെങ്കില്‍ ഗുല്‍ഷാര്‍ അഹമ്മദിനുശേഷം ഇങ്ങനെ രാജിവയ്‌ക്കേണ്ടിവരുന്ന രണ്ടാമത്തെയാളാകും കല്യാണ്‍ സിങ്. ഭരണഘടനാപരമായ പദവിയിലിരിക്കുന്ന ഒരാളും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് രാഷ്ട്രപതിയുടെ ഓഫിസ് വ്യക്തമാക്കി.
കഴിഞ്ഞ മാസം അലിഗഡില്‍ വച്ചാണ് രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി മോദിയെ വീണ്ടും തെരഞ്ഞെടുക്കണമെന്ന് കാമറയിലൂടെ അഭ്യര്‍ഥിച്ചത്.
മോദിയെ ഭരണത്തിലെത്തിക്കാനായി രാജ്യത്തെ ഓരോ പൗരനും യത്‌നിക്കണമെന്നും കല്യാണ്‍ സിങ് പറഞ്ഞിരുന്നു.
1990ല്‍ ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ഗുല്‍ഷാര്‍ അഹമ്മദ് തന്റെ മകനു വേണ്ടി പ്രചാരണം നടത്തി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് രാജിവയ്‌ക്കേണ്ടി വന്നിരുന്നു.
മുന്‍ യു.പി മുഖ്യമന്ത്രിയായ കല്യാണ്‍ സിങ് 1992ല്‍ ബാബരി മസ്ജിദ് പൊളിക്കുമ്പോള്‍ അധികാരത്തിലിരുന്ന വ്യക്തിയാണ്. 1999ല്‍ ബി.ജെ.പി വിട്ട അദ്ദേഹം 2014ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. ബി.ജെ.പി അധികാരത്തിലെത്തിയതോടെ അദ്ദേഹത്തെ ഗവര്‍ണറാക്കുകയായിരുന്നു. അതിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ച കല്യാണ്‍സിങ്ങിനെ ഗവര്‍ണര്‍ പദവിയില്‍നിന്ന് നീക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."