HOME
DETAILS
MAL
സ്വകാര്യ ലാബുകളില്‍ കൊവിഡ് പരിശോധനാ ഫീസ് കുറച്ചു
backup
July 04 2020 | 01:07 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധനാ ഫീസ് കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 4,500 രൂപയായിരുന്ന ആര്.ടി.പി.സി.ആര് പരിശോധനയുടെ തുക 2,750 ആയി നിശ്ചയിച്ചു. ശസ്ത്രക്രിയയ്ക്ക് മുന്‍പും മറ്റ് അടിയന്തര സാഹചര്യങ്ങളിലും ചെയ്യുന്ന ട്രൂനാറ്റ് പരിശോധന ആദ്യ ഘട്ടത്തിന് നിലവിലുളള 1,500 രൂപ തുടരും.
ട്രൂനാറ്റ് ഒന്നാംഘട്ടത്തില്‍ പൊസിറ്റീവായവര്‍ക്ക് ചെയ്യുന്ന രണ്ടാംഘട്ടത്തിന് 3,000 രൂപയായിരുന്നത് 1,500 ആയി കുറച്ചു. എക്സ്പര്‍ട്ട് നാറ്റ് ടെസ്റ്റിന് 3,000 രൂപയായിരിക്കും. സ്വകാര്യ ലാബുകള്‍ക്ക് സര്‍ക്കാര്‍ നേരിട്ടു നല്കുന്ന സാംപിളുകള്‍ക്ക് 2,500 രൂപ നല്‍കാനാണ് ധാരണ. കേന്ദ്ര നിര്‍ദേശം കൂടി കണക്കിലെടുത്ത് സ്വകാര്യ ലാബുകളുമായി ചര്‍ച്ച നടത്തിയാണ് നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചത്.
ഭാവിയില്‍ കൊവിഡ് ചികിത്സയില്‍ സ്വകാര്യമേഖലയെ കൂടി പങ്കാളികളാക്കുന്നതിന്റെ മുന്നോടിയായാണിയത്. കൂടാതെ സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള ലാബുകളില്‍ പരിശോധനാ സംവിധാനം വിപുലീകരിക്കാനും തീരുമാനിച്ചു. ഇതിനായി 20 പി.സി.ആര് ഉപകരണങ്ങള്‍ കൂടി മെഡിക്കല്‍ സര്‍വിസസ് കോര്പറേഷന് വഴി വാങ്ങും.
ഈ മാസം ആദ്യവാരം തന്നെ പ്രതിദിന പരിശോധനകളുടെ എണ്ണം 15,000 ആയി ഉയര്‍ത്താനാണ് ശ്രമം.
ഉപകരണങ്ങളെത്തിച്ച് ലാബുകളും സജ്ജമാക്കി ഐ.സി.എം.ആര് അംഗീകാരം കൂടി ലഭിച്ചാലേ ഈ ലക്ഷ്യം നേടാനാകൂ. 50,000 ആന്റിജന്‍ കിറ്റുകള്‍ വാങ്ങാന്‍ കേരള മെഡിക്കല്‍ സര്‍വിസ് കോര്പറേഷന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."