പട്ടികജാതിക്കാരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യത്തിലേക്കു മുന്നേറി 'സമഗ്ര'യും 'നവചേതന'യും
മഞ്ചേരി: ജില്ലയില്‍ പട്ടികജാതി വിഭാഗത്തിലെ ആര്‍ക്കും ഇനി പഠനം പാതിവഴിയില്‍ മുടങ്ങില്ല. സംസ്ഥാന സാക്ഷരതാ മിഷന്റെ നവചേതന, സമഗ്ര പദ്ധതികള്‍ ഇനി പട്ടികജാതി വിഭാഗങ്ങള്‍ക്ക് അക്ഷരവെളിച്ചം പകരും. പദ്ധതികളുടെ ആദ്യഘട്ടത്തിനു ജില്ലയില്‍ തുടക്കം കുറിച്ചിട്ടുണ്ട്.
പട്ടികജാതി കോളനികളില്‍ 'നവചേതന' എന്ന പേരിലും പട്ടികവര്‍ഗ കോളനികളില്‍ 'സമഗ്ര' എന്ന പേരിലുമാണ് പദ്ധതി നടപ്പാക്കുന്നത്. പട്ടികജാതി വിഭാഗത്തിലെ പാതിവഴിയില്‍ പഠനം മുടങ്ങിയവര്‍ക്കു തുടര്‍പഠനം ഒരുക്കുന്നതാണ് 'നവചേതന'. ജില്ലയിലെ ആലിപറമ്പ്, മങ്കട, തിരുവാലി, ഒഴൂര്‍, പൂക്കോട്ടൂര്‍, പുല്‍പ്പറ്റ, കണ്ണമംഗലം തുടങ്ങി ഏഴു പഞ്ചായത്തുകളിലെ ഓരോ കോളനികളിലാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നത്.
സര്‍വേയിലൂടെ കണ്ടെത്തിയ 114 പേരാണ് നവചേതനയിലെ പഠിതാക്കള്‍. ഇന്‍സ്ട്രക്ടര്‍മാരും പട്ടികജാതി വിഭാഗക്കാരാണ്. നെടുങ്കയം, ചോക്കാട്, അമരമ്പലം, ചാലിയാര്‍, വഴിക്കടവ്, എടക്കര, ചുങ്കത്തറ തുടങ്ങിയ ഏഴ് ആദിവാസി ഊരുകളിലാണ് 'സമഗ്ര' നടപ്പാക്കുന്നത്. 78 പുരുഷന്‍മാരും 139 സ്ത്രീകളും ഉള്‍പ്പെടെ 217 പേരാണ് സമഗ്രയില്‍ ആദ്യഘട്ടത്തിലെ പഠിതാക്കള്‍. ഇതിനായി പട്ടികവര്‍ഗ വിഭാത്തില്‍പ്പെട്ട ഏഴു പ്രേരക്മാരെയും നിയമിച്ചു. ആദിവാസികള്‍ താല്‍പര്യപ്പെടുന്നതരത്തിലാണ് സമഗ്രയില്‍ ക്ലാസുകള്‍ സജീകരിക്കുന്നത്.
പഠനത്തോടൊപ്പം തൊഴില്‍ നൈപുണ്യ വികസന പരിപാടികളും സംഘടിപ്പിക്കും. നാലു മാസമാണ് സാക്ഷരതാ ക്ലാസിന്റെ ദൈര്‍ഘ്യം. വിജയിക്കുന്നവര്‍ക്കു നാലാംക്ലാസ്, ഏഴാംക്ലാസ് തുല്യതാ കോഴ്‌സുകള്‍ നല്‍കും. മൂന്നു ഘട്ടങ്ങളിലായി പാഠപുസ്തകം തയാറാക്കും. 20 പേര്‍ക്ക് ഒരു പഠനകേന്ദ്രം എന്ന നിലയില്‍ വൈകുന്നേര സമയങ്ങളിലും അവധി ദിവസങ്ങളിലുമാകും ക്ലാസ്. പട്ടികവര്‍ഗ വകുപ്പ്, കുടുംബശ്രീ, വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഗ്രാമപഞ്ചായത്തുകളും പ്രാദേശികമായുള്ള സന്നദ്ധ സംഘടനകളുമായി ചേര്‍ന്നു പഠിതാക്കള്‍ക്കുള്ള പഠനോപകരണം, ഭക്ഷണം എന്നിവ ഒരുക്കും. മെഡിക്കല്‍ ക്യാംപുകള്‍ നടത്തി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകളും ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും കൗണ്‍സിലിങ്ങും നല്‍കും. പഠിതാക്കള്‍ക്കായി കായികമേളയും സര്‍ഗോത്സവവും സംഘടിപ്പിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായി ആസൂത്രണ സമിതിയും രൂപീകരിച്ചിട്ടുണ്ട്. നാളെ മലപ്പുറത്തു നടക്കുന്ന സാക്ഷരതാ മിഷന്റെ പരിപാടിയില്‍ നവചേതനയും സമഗ്രയും കാര്യക്ഷമമാക്കുന്നതു ചര്‍ച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."