ഒന്‍പത് മാസം പ്രായമായ പെണ്‍കുഞ്ഞിനെ നിലത്തെറിഞ്ഞ പിതാവ് അറസ്റ്റില്‍
കൊച്ചി: ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ നിലത്തെറിഞ്ഞു ദേഹോപദ്രവമേല്‍പ്പിച്ച സംഭവത്തില്‍ പിതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. തിരുവാങ്കുളം ക്യംതാ സെമിനാരി റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന ആനന്ദ് (38) ആണ് പൊലിസ് പിടിയിലായത്.
കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളാണ് വാര്‍ഡ് കൗണ്‍സിലറെയും ആശാപ്രവര്‍ത്തകരെയും വിവരമറിയിച്ചത്. ഇവരുടെ പരാതിപ്രകാരം ശിശുക്ഷേമസമിതിയും പൊലിസും സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇയാള്‍ക്ക് രണ്ട് പെണ്‍മക്കളാണ്. മൂത്തകുട്ടിക്ക് രണ്ടു വയസുണ്ട്. ഭാര്യക്കും മക്കള്‍ക്കുമൊപ്പമാണ് കഴിഞ്ഞ അഞ്ചു മാസമായി തിരുവാങ്കുളത്തെ വീട്ടില്‍ താമസിക്കുന്നത്. കൂലിപ്പണിക്കാരനായ ഇയാള്‍ മദ്യപിച്ചെത്തി ഇളയകുഞ്ഞിനെ ദേഹോപദ്രവം ഏല്‍പ്പിക്കുന്നത് പതിവാണെന്നാണ് സമീപവാസികള്‍ പറയുന്നത്. ഈ കുഞ്ഞ് ജനിച്ചതിനു ശേഷം കഷ്ടകാലമാണെന്നാണ് ഇയാള്‍ പറയാറുള്ളത്. ലോക്ക് ഡൗണ്‍ സമയത്ത് കുഞ്ഞിന് പനി ബാധിച്ചിട്ടും ചികില്‍സ ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് ശരീരം മുഴുവനും നീരു വന്നിരുന്നു.
ഈസമയത്തും സമീപ വാസികളാണ് ആശാപ്രവര്‍ത്തകരെ വിവരം അറിയിച്ച് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോയത്. കുഞ്ഞിനെ കിണറ്റിലിടുമെന്നും ഇയാള്‍ പറയാറുള്ളതായി അയല്‍വാസികള്‍ പറഞ്ഞു. ശിശുക്ഷേമ സമിതി ഉപാധ്യക്ഷന്‍ കെ.എസ് അരുണ്‍ കുമാര്‍, തൃപ്പൂണിത്തുറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുഞ്ഞിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി. കുഞ്ഞിന്റെ തലയില്‍ ക്ഷതമേറ്റിട്ടില്ല. കഴുത്തിലും അരക്ക് താഴെയും തൊലി പോയി ചുവപ്പ് നിറമാണ്. ഇന്നലെ പൊലിസ് വീട്ടിലെത്തിയപ്പോള്‍ ആനന്ദ് മദ്യലഹരിയില്‍ ഉറക്കത്തിലായിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുഞ്ഞിനെ ആനന്ദ് എറിഞ്ഞില്ലെന്നും മദ്യ ലഹരിയില്‍ കുഞ്ഞ് അയാളുടെ കയ്യില്‍ നിന്നും വീണത് തന്റെ കയ്യിലേക്കാണെന്നുമാണ് ഭാര്യ പൊലിസിനോട് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."