ബി.ജെ.പി പ്രക്ഷോഭത്തിനൊരുങ്ങുന്നു
പറവൂര്‍: എട്ടുവര്‍ഷമായി നിര്‍മാണം നിലച്ചുകിടക്കുന്ന പെരുമ്പടന്ന ചാത്തനാട് തീരദേശ റോഡ് പണി പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്നാവിശ്യപ്പെട്ട് ബി.ജെ.പി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഹാര്‍ബര്‍ എന്‍ജിനീയറിംങ് വിഭാഗത്തില്‍പ്പെടുത്തി 2010ലാണ് ഈ റോഡിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുന്നത്. ഒന്‍പത് കിലോമീറ്ററാണ് റോഡിന് ദൈര്‍ഘ്യം. 10 കോടി രൂപയാണ് ആദ്യഘട്ടം അനുവദിച്ചത്. പൊക്കാളിപാടങ്ങളും പുഴയുടെ ഒരുവശവും നികത്തിയാണ് റോഡ് നിര്‍മ്മിക്കുന്നത്.
പുഴയുടെ അരികില്‍ കരിങ്കല്‍ ഭിത്തി കെട്ടി മൂന്ന് കലുങ്കുകള്‍ പൂര്‍ത്തിയായെങ്കിലും ഇവ ഇടിഞ്ഞു വീണ അവസ്ഥയിലാണ്. നിലവിലുള്ള പെരുമ്പടന്ന ചാത്തനാട് റോഡിന് സമാന്തരമായാണ് തീരദേശ റോഡും നിര്‍മിക്കുന്നത്.
റോഡ് പൂര്‍ത്തിയായാല്‍ ഏഴിക്കര പഞ്ചായത്തിന്റെ അവികിസിത പ്രദേശങ്ങളായ മണ്ണുചിറ, കടക്കര, പുളിങ്ങനാട് ഭാഗത്തുള്ളവര്‍ക്ക് യാത്രാമാര്‍ഗം തുറക്കപ്പെടുകയും ഫാം ടൂറിസത്തിന്റെ സാധ്യതയുമാണ് തുറക്കപ്പെടുകയെന്ന് പദ്ധതി പ്രദേശം സന്ദര്‍ശിച്ച ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ജയകൃഷ്ണന്‍ പറഞ്ഞു. ബി.ജെ.പി നിയോജക മണ്ഡലം ട്രഷറര്‍ ടി.എ ദിലീപ്, സെക്രട്ടറി ഇ.ആര്‍ രഞ്ചിത്ത്, ഏഴിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സാജന്‍ കാട്ടേത്ത്, സെക്രട്ടറി സി.കെ സന്തോഷ്, മഹേശ്വരന്‍ എന്നിവരുംസംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."