ഒറ്റക്കുതിപ്പില്‍ ഒന്നാമതെത്തി യു.ഡി.എഫും രാഹുല്‍ ഗാന്ധിയും
കല്‍പ്പറ്റ: വയനാട് മണ്ഡലത്തില്‍ ഒറ്റക്കുതിപ്പില്‍ ഒന്നാമതെത്തി യു.ഡി.എഫും രാഹുല്‍ ഗാന്ധിയും. കഴിഞ്ഞ കുറെ ദിവസങ്ങളിലായി മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ വയനാട് മണ്ഡലം ഇന്നലെ ശ്രദ്ധ നേടിയത് രാഹുല്‍ ഗാന്ധിയുടെയും യു.ഡി.എഫിന്റെയും കുതിപ്പ് കണ്ടാണ്. മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥനാര്‍ഥി പി.പി സുനീര്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയും എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി ഒന്നാംഘട്ടം പൂര്‍ത്തിയാക്കുകയും ചെയ്തപ്പോഴും സ്ഥാനാര്‍ഥി ഇല്ലാത്ത പ്രചരണത്തില്‍ പിടിച്ച് നില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു മണ്ഡലത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍.
കണ്‍വന്‍ഷനുകള്‍ നടത്തിയും പോസ്റ്ററുകളൊട്ടിച്ചും അവര്‍ പ്രചരണത്തില്‍ സജീവമാകുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പായതോടെയാണ് ഇവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച് തുടങ്ങിയത്്. അപ്പോഴേക്കും ബഹുദൂരം മുന്നിലെത്തിയിരുന്നു എതിര്‍ കക്ഷികള്‍. എന്നാല്‍ ഇന്നലെ ഒറ്റക്കുതിപ്പ് കൊണ്ട് യു.ഡി.എഫും രാഹുല്‍ ഗാന്ധിയും പ്രചരണത്തില്‍ മുന്നിലെത്തി. ജനലക്ഷങ്ങളെ അണിനിരത്തി നടത്തിയ റോഡ് ഷോ രാജ്യം മുഴുവന്‍ തത്സമയം കണ്ടതോടെ പ്രചാരണത്തിന്റെ ഒന്നാംഘട്ടത്തില്‍ തന്നെ എതിരാളികളേക്കാള്‍ മുന്നിലെത്താനായെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ശക്തമായ പ്രചരണങ്ങള്‍ക്കായിരിക്കും മണ്ഡലം സാക്ഷ്യം വഹിക്കുക. ഭൂരിപക്ഷം റെക്കോര്‍ഡിലെത്തിക്കാനായി മുന്നണി ഒന്നാകെ രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ് പലയിടങ്ങളില്‍ നിന്നായി ഇന്നലെ കല്‍പ്പറ്റയിലെത്തിയ യു.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രതികരണങ്ങള്‍. വണ്ടൂരില്‍ നിന്നും ഏറനാട് നിന്നും നിലമ്പൂരില്‍ നിന്നുമെത്തിയ പ്രവര്‍ത്തകര്‍ 2009ല്‍ നല്‍കിയ ഭൂരിപക്ഷം ഇരട്ടിയാക്കാനുള്ള പ്രവര്‍ത്തനത്തിലാണ്.
ഒറ്റ സന്ദര്‍ശനം കൊണ്ട് മണ്ഡലത്തെ ഇളക്കി മറിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നല്‍കിയ ഊര്‍ജംകൊണ്ട് രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്ക് വയനാടിനെ എത്തിക്കാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."