മകളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍
പെരുമ്പാവൂര്‍: കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് 12 വയസുകാരിയായ മകളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഞാലകം കര സ്വദേശിയെയാണ് സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ പൊലിസ് അറസ്റ്റു ചെയ്തത്. ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബവുമായി പ്രതി കാലങ്ങളായി അകല്‍ച്ചയിലായിരുന്നു. ഇതിന്റെ പേരില്‍ കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഇയാളുടെ ഭാര്യയും മക്കളും അനുജത്തിയുടെ വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു. പല പ്രാവശ്യം ഇവരെ തിരിച്ചു വിളിച്ചെങ്കിലും വരാന്‍ തയാറായില്ല. ഇതോടെയാണ് ഭാര്യയും മക്കളും താമസിക്കുന്ന സ്ഥലത്തെത്തി ഇളയ മകളെ പ്രതി തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചതെന്ന് പൊലിസ് പറഞ്ഞു.
മക്കളെ കാണാനെന്ന പേരില്‍ താമസസ്ഥലത്തെത്തിയ ഇയാള്‍ രണ്ട് ലിറ്റര്‍ പെട്രോളും കരുതിയിരുന്നു. തുടര്‍ന്നാണ് ഇളയ മകളെ അടുത്തു വിളിച്ച് തലയില്‍ പെട്രോള്‍ ഒഴിച്ചത്. ഒരു കുപ്പിയിലെ പെട്രോള്‍ സ്വന്തം ദേഹത്തും ഒഴിച്ചു. എന്നാല്‍ കുട്ടി ഒച്ചത്തില്‍ കരഞ്ഞതോടെ വീട്ടിലുണ്ടായിരുന്നവരും നാട്ടുകാരും ഓടിക്കൂടി. ഇതോടെ പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലിസ് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.
നിരവധി സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന പ്രതി കടക്കാരില്‍ നിന്നും രക്ഷപ്പെടാന്‍ ഭാര്യയുടെ ഫോണ്‍ നമ്പറാണ് എല്ലാവര്‍ക്കും നല്‍കിയിരുന്നത്. ഇതു മൂലമുണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ കുടുംബ വഴക്കും ഉപദ്രവങ്ങളും പതിവായതോടെയാണ് ഇയാളുടെ ഭാര്യ വീടു വിട്ടിറങ്ങിയതെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."