വെണ്ണിയാനി ദുരന്തത്തിന് ഇന്ന് 17 വയസ്
തൊടുപുഴ: സാഹസിക പത്രഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജടക്കം നാലുപേരുടെ ജീവന്‍ അപഹരിച്ച വെണ്ണിയാനി ദുരന്തത്തിന് ഇന്ന് 17 വയസ്. 2001 ജൂലൈ ഒന്‍പതിന് പുലര്‍ച്ചെ 2.15നും ഉച്ചയ്ക്ക് 12നുമാണ് തൊടുപുഴ താലൂക്കിലെ ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍പ്പെട്ട വെണ്ണിയാനിയില്‍ പ്രകൃതി സംഹാരതാണ്ഡവമാടി ഉരുള്‍പൊട്ടലുണ്ടായത്.
പുലര്‍ച്ചെ പെയ്ത മഴയോടൊപ്പം മലമുകളില്‍ നിന്നും അലറിക്കുതിച്ചെത്തിയ വെള്ളപ്പാച്ചിലില്‍ ആദ്യം കവര്‍ന്നെടുത്തത് വെണ്ണിയാനി ഇടയപ്പറമ്പില്‍ ഭാസ്‌കരന്റെയും ഭാര്യ കുമാരിയുടെയും ജീവനാണ്. ഇവരോടൊപ്പം മകന്‍ അനില്‍കുമാറും ഒഴുകിപ്പോയെങ്കിലും പാറയിടുക്കില്‍ തങ്ങിക്കിടന്നു.
പക്ഷെ, അത് മരണത്തിന് മുമ്പുള്ള ഒരിടവേള മാത്രമായിരുന്നു. ഓടിയെത്തിയ നാട്ടുകാരുടെ ശ്രമം വിഫലമാക്കി അനിലിനേയും മല വെള്ളം കൊണ്ടു പോയി.
ഉരുള്‍പൊട്ടല്‍ ഭാസ്‌കരന്റെ വീടും അതിന് ചേര്‍ന്നുള്ള ചായക്കടയും അപ്പാടെ തുടച്ചുനീക്കി. രണ്ടരക്കിലോമീറ്റര്‍ താഴെയായി മണ്ണില്‍ പുതഞ്ഞ നിലയില്‍ ഭാസ്‌കരന്റെ മൃതദേഹം പിന്നീട് കണ്ടെടുക്കുകയായിരുന്നു. തുടരെ തുടരെ ഇരുപതോളം ഉരുളുകളാണ് പൊട്ടിയത്.
ഉച്ചയ്ക്ക് 11.30ഓടെയാണ് മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ് അടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. മഴയുടെ രൗദ്ര ഭാവങ്ങള്‍ കാമറയില്‍ എടുക്കാനള്ള വ്യഗ്രതയില്‍ ദുരന്തമുഖത്തേക്ക് കയറിപ്പോയ വക്ടറിനെ കാത്തിരുന്നത് മറ്റൊരു ഉരുള്‍ പൊട്ടലാണ്. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നൂറോളം വരുന്ന ജനക്കൂട്ടം നോക്കി നില്‍ക്കെയാണ് ഉരുള്‍ പൊട്ടിയത്.
ഇവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ജൂലൈ 11ന് രാവിലെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വിക്ടറിന്റെ മൃതദേഹം കണ്ടെത്തിയത്. തലേദിവസം തിരച്ചില്‍ നടത്തിയ നാവികസേന വിക്ടറിന്റെ പ്രിയപ്പെട്ട നിക്കോണ്‍ കാമറ കണ്ടെത്തിയിരുന്നു.
അതിലെ ഫിലിം ഡെവലപ് ചെയ്‌തെങ്കിലും മരണമുഖത്തു നിന്നുള്ള വിക്ടറിന്റെ ചിത്രം വീണ്ടെടുക്കാനായില്ല. മഴയേയും പ്രകൃതിയേയും ഏറെ സ്‌നേഹിക്കുകയും ഒട്ടേറെ മിഴിവാര്‍ന്ന ചിത്രങ്ങള്‍ ആസ്വാദകര്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയും ചെയ്ത അനശ്വര ഫോട്ടോഗ്രാഫര്‍ അങ്ങനെ വെണ്ണിയാനിയുടെ മണ്ണില്‍ ജീവന്‍ ബലി കൊടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."