രാമന്തളി മാലിന്യ പ്രശ്‌നം ജനകീയ സമരങ്ങള്‍ സര്‍ക്കാരിനെതിരേയാണെന്നു വ്യാഖ്യാനിക്കരുത്: വി.ടി ബല്‍റാം
പയ്യന്നൂര്‍: ജനകീയ സമരങ്ങളെ സര്‍ക്കാറിനെതിരെയുള്ള സമരങ്ങളായി വ്യാഖ്യാനിക്കുന്നത് ഭരണകൂടങ്ങളുടെ പൊതുസ്വഭാവമാണെന്ന് വി.ടി ബല്‍റാം എം.എല്‍.എ. രാമന്തളി മാലിന്യപ്രശ്‌നത്തില്‍ അനിശ്ചിതകാല സമരം നടത്തുന്ന ജന ആരോഗ്യ സംരക്ഷണ സമിതിയുടെ സമരപന്തലില്‍ യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ അനുഭാവ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.ടി ബലറാം.
ജനകീയ സമരങ്ങളെ സര്‍ക്കാരിനെതിരേ വ്യാഖ്യാനിച്ച് സമരം ചെയ്യുന്നവരെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഭരണകൂടത്തിന്റെ തന്ത്രഫലമായി ഉണ്ടാകും.
മവോയിസ്റ്റുകളായും രാജ്യദ്രോഹികളായും മുദ്രകുത്തുന്നത് ഇതിന്റെ ഭാഗമാണ്. ഇത്തരത്തില്‍ ഭരണാധികാരികള്‍ തെറ്റായി ചിന്തിച്ചതുകൊണ്ടാണ് സമരങ്ങളെ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം രാമന്തളിയില്‍ ഉണ്ടായതും അതാണ്. പൊലിസിന്റെ ഇത്തരം സമീപനം മാറ്റണം.
നാട്ടുകാരുടെ പ്രതിനിധികളെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാന്‍ തയാറാകാത്തത് നീതികരിക്കാന്‍ കഴിയാത്തതാണ്. നാവിക അക്കാദമി അധികൃതര്‍ രാമന്തളി ജനതയോട് വൈരാഗ്യബുദ്ധിയോടുകൂടിയാണ് പെരുമാറുന്നതെന്നും വി.ടി ബല്‍റാം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് സതീശന്‍ കാര്‍ത്തികപ്പള്ളി അധ്യക്ഷനായി. കെ. ജയരാജ്, എ.വി സനല്‍, ആര്‍. കുഞ്ഞികൃഷ്ണന്‍, കെ.പി രാജേന്ദ്രന്‍ സംസാരിച്ചു.
ഉപവാസ സമരത്തിന് പി.വി പ്രഭാത്, പയ്യന്നൂര്‍ വിനീത് കുമാര്‍, ബാബുരാജ്, കെ.എ നിതിന്‍, സിദ്ദിഖ് കാങ്കോല്‍, രജീഷ് കണ്ണോത്ത് നേതൃത്വം നല്‍കി. വൈകുന്നേരം ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഇ സി. ഭാസ്‌ക്കരന്‍ നാരങ്ങാ നീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു. സമരപന്തലില്‍ വിനീത് കാവുങ്കാലിന്റെ നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് ശങ്കരനാരായണ കോല്‍ക്കളി സംഘം പ്രവര്‍ത്തകര്‍ രാത്രി പന്തം കൊളുത്തി പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."