എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന് രണ്ട് കേസുകളില്‍ ജാമ്യം
നേരിട്ട് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അപേക്ഷ കോടതി തള്ളി
നാദാപുരം: എന്‍.ഡി.എ കോഴിക്കോട് ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. കെ.പി പ്രകാശ് ബാബുവിന് നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് കേസുകളില്‍ ജാമ്യം നല്‍കി.
നേരിട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുമതി നല്‍കണമെന്ന അപേക്ഷ കോടതി തള്ളി. കൈവേലിയില്‍ നിരോധനം ലംഘിച്ച് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര നടത്തിയതിന് 2011ല്‍ കുറ്റ്യാടി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലും, 2016ല്‍ തൊട്ടില്‍ പാലം സ്റ്റേഷനില്‍ അന്നത്തെ നിയമസഭ സ്ഥാനാര്‍ഥി എം.പി രാജനോടൊപ്പമെത്തി പൊലിസുകാരോട് തട്ടിക്കയറിയതിന് രജിസ്റ്റര്‍ ചെയ്ത കേസിലുമാണ് കോടതി ജാമ്യം നല്‍കിയത്.
നാമനിര്‍ദേശ പത്രിക നേരിട്ട് നല്‍കണമെന്ന അപേക്ഷ പരിഗണിച്ച കോടതി റാന്നി കോടതി റിമാന്‍ഡ് ചെയ്തതിനാല്‍ അവിടെയാണ് അപേക്ഷ നല്‍കേണ്ടതെന്ന് കാണിച്ച് തള്ളുകയുണ്ടായി. വ്യാഴാഴ്ച രാവിലെ 11 മണിയോടെ കനത്ത പൊലിസ് സുരക്ഷയിലാണ് ശബരിമലയില്‍ സ്ത്രീയെ അക്രമിച്ചെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രകാശ് ബാബുവിനെ കോഴിക്കോട് നിന്ന് നാദാപുരം കോടതിയിലെത്തിച്ചത്. ബി.ജെ.പി യുവമോര്‍ച്ച നേതാക്കളടക്കം നിരവധി പ്രവര്‍ത്തകരും കോടതി പരിസരത്ത് എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."