വൈക്കം-വെച്ചൂര്‍ റോഡ് പുനര്‍നിര്‍മാണം: പ്രാരംഭ നടപടികള്‍ക്ക് ഇന്നു തുടക്കം
വൈക്കം: വൈക്കം-വെച്ചൂര്‍ റോഡ് ആധുനിക നിലവാരത്തില്‍ പുനര്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ക്ക് ഇന്നു തുടക്കമാകും. പദ്ധതിയുടെ ഭാഗമായി പുതിയ അലൈന്‍മെന്റ് പ്രകാരം രണ്ടു വശങ്ങളിലും ഏറ്റെടുക്കേണ്ടി വരുന്ന വസ്തുവകകളുടെ സര്‍വേ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, തലയാഴം, വെച്ചൂര്‍ വില്ലേജ് ഓഫീസ് അധികൃതരുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
ഏറ്റെടുക്കേണ്ട സര്‍വേ നമ്പരുകളിലെ ആവശ്യമായ വസ്തുക്കളെ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറും. തുടര്‍ന്ന് വസ്തു ഉടമകളെ നേരില്‍ കാണുകയും നഷ്ടപരിഹാര തുക സംബന്ധിച്ച തീരുമാനത്തിലെത്തുകയും ചെയ്യും. വസ്തു ഉടമകള്‍ക്ക് ന്യായമായ നഷ്ട പരിഹാര തുക നല്‍കാനാണ് നിശ്ചയിച്ചിട്ടുള്ളത്. വസ്തു വിലയെ സംബന്ധിച്ച് ഉടമകള്‍ക്ക് ആക്ഷേപമുള്ള പക്ഷം അത് ഉന്നയിക്കുന്നതിനുള്ള അവസരവും ഉണ്ടാകും.
റോഡിന്റെ ആവശ്യത്തിലേക്കായി പൊളിച്ചു മാറ്റേണ്ടി വരുന്ന കെട്ടിടങ്ങളും മറ്റും പുനര്‍നിര്‍മ്മിക്കുമ്പോള്‍ കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ചില വിട്ടുവീഴ്ചകളും അനുവദിക്കും. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) വഴിയാണു പദ്ധതി നടപ്പാക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തില്‍ പതിമൂന്ന് മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്ന റോഡിന് 93.72 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മണ്ഡലത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ വൈക്കം-വെച്ചൂര്‍ റോഡ് വീതി കൂട്ടി നിര്‍മിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.
എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിന്ന് വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ കുമരകത്തേക്ക് പോകാന്‍ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ജനപങ്കാളിത്ത ടൂറിസം പദ്ധതിയായ പെപ്പര്‍ ടൂറിസത്തിനും റോഡിന്റെ ശോച്യാവസ്ഥ വലിയ തിരിച്ചടി ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് റോഡ് നവീകരണ ജോലികള്‍ക്ക് ജീവന്‍ വെച്ചത്. സ്ഥലം ഏറ്റെടുത്തശേഷം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് റോഡിന്റെ നിര്‍മാണജോലികള്‍ തുടങ്ങും.
റോഡിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് അതിര്‍ത്തി നിര്‍ണയ പ്രക്രിയ ആരംഭിക്കുന്നതിന്റെ ഭാഗമായി ഭൂ ഉടമകളുടെയും ഗുണഭോക്താക്കളുടെയും സഹകരണം ഉറപ്പ് വരുത്തുന്നതിന് തലയാഴം ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ജ് രാജ്, വൈസ് പ്രസിഡന്റ് പി.എസ് പുഷ്‌കരന്‍, റെജിമോന്‍, പി.എസ് മുരളീധരന്‍, ഷീജ അജയകുമാര്‍, എം.ഡി ബാബുരാജ്, സന്തോഷ്, സുശീലകുമാരി, സന്ധ്യ, ഉഷാകുമാരി, ടാനിയ, ചിഞ്ചു, രഘു, ജെ.പി ഷാജി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."