പി.സി ജോര്‍ജിന്റെ 'ജനപക്ഷത്ത്' നിന്ന് വ്യാപക കൊഴിഞ്ഞുപോക്ക്
ഈരാറ്റുപേട്ട:നിലപാടിലെ ചാഞ്ചാട്ടവും ബി.ജെ.പി ആഭിമുഖ്യത്തിലും പ്രതിഷേധിച്ച് പി.സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയില്‍ നിന്ന് വ്യാപക കൊഴിഞ്ഞുപോക്ക്.
ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള സംഘ്പരിവാര്‍ നീക്കങ്ങളുടെ മുന്നണി പോരാളിയാണ് പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെ പിന്തുണക്കാനുള്ള ജനപക്ഷം പാര്‍ട്ടി ചെയര്‍മാന്‍ പി.സി ജോര്‍ജിന്റെ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് ഈരാറ്റുപേട്ട നഗരസഭയിലെ നാലു കൗണ്‍സിലര്‍മാര്‍ രംഗത്ത് വന്നു. വര്‍ഗീയ ഫാസിസ്റ്റ് ഭരണം അവസാനിപ്പിക്കാന്‍, മത നിരപേക്ഷ സര്‍ക്കാര്‍ ഇന്ത്യാ രാജ്യത്ത് ഭരണത്തിലെത്തിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഈരാറ്റുപേട്ട നഗരസഭ ജനപക്ഷം കൗണ്‍സിലര്‍മാരായ പി.എച്ച് ഹസീബ്, ബള്‍ക്കീസ് നവാസ്, ഷെറീന അബ്ദുല്‍ റഹിം, ജോസ് മാത്യു എന്നിവര്‍ അറിയിച്ചു.
പി.സി ജോര്‍ജിന്റെ ബി.ജെ.പി അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് ജനപക്ഷം ഈരാറ്റുപേട്ട മണ്ഡലം പ്രസിഡന്റ് പി.എസ്.എം റംലി, സെക്രട്ടറിമാരായ പി.പി.എം നൗഷാദ്, മുഹമ്മദലി ഖാന്‍, ട്രഷറര്‍ സാജു എം. ഇസ്മായില്‍ എന്നിവര്‍ പാര്‍ട്ടി ഭാരവാഹിത്വം രാജിവച്ചു. പി.സി ജോര്‍ജിന്റെ അവസരവാദ രാഷ്ട്രീയ നിലപാടുകളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട് ആര്‍.എസ്.പിയില്‍ ചേരാന്‍ തീരുമാനിച്ചതായി യുവജനപക്ഷം ജനറല്‍ സെക്രട്ടറിയായിരുന്ന അഖില്‍ കുര്യന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തനിക്കൊപ്പം ഇരുന്നൂറോളം പ്രവര്‍ത്തകരും ആര്‍.എസ്.പിയില്‍ ചേരുന്നതായും അഖില്‍ പറഞ്ഞു. ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്, മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍, കോട്ടയം ജില്ലാ സെക്രട്ടറി ടി.സി അരുണ്‍ എന്നിവരുമായി ആശയ വിനിമയം നടത്തിയതായും അഖില്‍ വ്യക്തമാക്കി. വരുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കും. പി.സി ജോര്‍ജിന്റെ രാഷ്ട്രീയ പാപ്പരത്തവും രാഷ്ട്രീയ പൊള്ളത്തരവും കേരള ജനത തിരിച്ചറിഞ്ഞു തുടങ്ങിയതായും പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."