അരൂര്‍: ഒളോറിന്റെ നാട്
തേനൂറുന്ന ഒളോര്‍ മാങ്ങയുടെ രുചിയാണ് അരൂര്‍ എന്ന ഗ്രാമത്തെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്.
കോഴിക്കോട് ജില്ലയിലെ വടകര മേഖലയിലാണ് അരൂര്‍ എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. ഇവിടത്തെ ഓരോ വീടുകളിലും ഈ ഇനത്തില്‍ പെട്ട നിരവധി മാവുകള്‍ നിറയെ കായ്ച്ചു നില്‍ക്കുന്നത് തന്നെ ആനന്ദകരമായ കാഴ്ചയാണ്. ഒരു മാവെങ്കിലുമില്ലാത്ത ചെറുവീടുപോലും അരൂരില്‍ കാണില്ല. കുറച്ചു കാലമായി ഒന്നിടവിട്ട വര്‍ഷങ്ങളില്‍ മാത്രമേ മാവുകള്‍ പൂര്‍ണമായും പൂക്കുന്നുളളൂ എന്നാണ് ഇവിടെയുളള കര്‍ഷകര്‍ പറയുന്നത്. വൃശ്ചികമാസത്തോടൊപ്പം തണുപ്പെത്തിയാല്‍ മാവുകള്‍ പൂത്തുതുടങ്ങും. കാലാവസ്ഥാ വ്യതിയാനം കര്‍ഷകരുടെ കണക്കുകൂട്ടലുകള്‍ ഈ വര്‍ഷം പാടെ തെറ്റിച്ചിരിക്കയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിളവ് പാതിമാത്രമേയുള്ളൂവെന്നതാണ് കര്‍ഷകരെ സങ്കടപ്പെടുത്തുന്നത്.
വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ഒളോര്‍ മാങ്ങ മുന്‍കാലങ്ങളില്‍ തലശേരി, വടകര മാര്‍ക്കറ്റുകളിലെ കച്ചവടക്കാരെത്തി മൊത്തമായി കൊണ്ടുപോകുകയാണ് ചെയ്തിരുന്നത്. ഉണ്ണിമാങ്ങകള്‍ വിരിയുമ്പോഴേക്കും കച്ചവടക്കാരെത്തി മതിപ്പുവിലയില്‍ കച്ചവടം ഉറപ്പിക്കുമായിരുന്നു. മുന്‍കൂര്‍ പണം നല്‍കിയാണ് കച്ചവടക്കാര്‍ മടങ്ങുക. മൂത്ത് പാകമായ മാങ്ങകള്‍ പറിച്ചെടുക്കാനെത്തുമ്പോഴാവും ബാക്കി തുക നല്‍കുക. കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയാണ് മാമ്പഴത്തിന്റെ കമ്പോള വില. മാങ്ങ പഴുപ്പിക്കാനായി രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് വ്യാപകമായതോടെയാണ് ഇടനിലക്കാരെ ഒഴിവാക്കി അരൂരിലെ കര്‍ഷകര്‍ നേരിട്ട് മാങ്ങ വില്‍പ്പന നടത്താന്‍ തുടങ്ങിയത്. മാമ്പഴം തേടി ആവശ്യക്കാര്‍ ധാരാളമെത്തുന്നതായി കര്‍ഷകര്‍ പറയുന്നു. അരൂരിന് പുറത്തുളള വടകര താലൂക്കിലെ വിവിധ പ്രദേശങ്ങളിലും ഒളോര്‍ മാവുകളുണ്ട്. എന്നാല്‍ അരൂരില്‍ വിളയുന്ന മാങ്ങകളുടെ രുചി ഇവയ്ക്കില്ലെന്നാണ് മാമ്പഴ പ്രേമികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."