വിദ്യാര്‍ഥികളെ ആദരിച്ചത് കാവിവല്ക്കരിച്ചെന്ന് ആക്ഷേപം
കോവളം: വെങ്ങാനൂര്‍ പഞ്ചായത്തില്‍ വിദ്യാര്‍ഥികളെ ആദരിക്കുന്നത് കാവി വല്കരിക്കുന്നതിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എല്‍.ഡി.എഫും പ്രതിഷേധംശക്തമാക്കിയത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് പരിപാടിയിലെ മുഖ്യാതിഥിയായിരുന്ന റിച്ചാര്‍ഡ് ഹേ എം.പി പരിപാടി ഉപേക്ഷിച്ച് സ്ഥലം വിട്ടു.
വെങ്ങാനൂര്‍ പഞ്ചായത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി വെങ്ങാനൂര്‍ പഞ്ചായത്ത് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിയാണ് പ്രതിഷേധപരിപാടികളെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥയിലെത്തിയത്. പഞ്ചായത്ത് കമ്മിറ്റിയില്‍ പഞ്ചായത്തിന്റെ വകയായി ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നുവെന്നായിരുന്നു പ്രസിഡന്റ് അംഗങ്ങളെ അറിയിച്ചിരുന്നത്. ഇതിനായി കുട്ടികളുടെ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും മെമന്റോയില്‍ പതിക്കാന്‍ ഒരു ഫോട്ടോയും ആവശ്യപ്പെട്ടിരുന്നു. അംഗങ്ങള്‍ക്ക് നോട്ടിസ് പോലും നല്‍കിയിരുന്നില്ല.
എന്നാല്‍ പരിപാടിയില്‍ കുട്ടികള്‍ക്ക് നല്കാന് എത്തിച്ച മെമന്റോയില്‍ മുകള്‍ ഭാഗത്ത് നരേന്ദ്ര മോഡിയുടേയും റിച്ചാര്‍ഡ് ഹേ എം.പിയുടേയും ചിത്രങ്ങള്‍ പതിച്ചിരിക്കുന്നത് കണ്ടതോടെയാണ് കോണ്‍ഗ്രസ്, എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വിവരം അറിഞ്ഞതോടെ റിച്ചാര്‍ഡ് ഹേ എം.പി പരിപാടിയില്‍ പങ്കെടുക്കാതെ പാതിവഴിയില്‍ യാത്ര റദ്ദാക്കി സ്ഥലം വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."