നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഭാവി തിങ്കളാഴ്ച അറിയാം ഇന്നലെ നടക്കാനിരുന്ന യോഗം അവസാന നിമിഷം മാറ്റി
കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയെ മാറ്റണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യോഗം ചേരുന്നത് ഇന്നലെ അവസാന നിമിഷം നീട്ടിവച്ചു. പാര്‍ട്ടിയുടെ 45 അംഗ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗമാണ് തിങ്കളാഴ്ചയിലേക്ക് മാറ്റിയത്. ഇന്നലെ ഉച്ചയ്ക്ക് 11 മണിക്ക് ചേരാന്‍ നിശ്ചയിച്ച യോഗം അവസാന നിമിഷം നേതാക്കള്‍ക്ക് വിഷയത്തെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ എന്ന പേരിലാണ് നീട്ടിവച്ചത്. പാര്‍ട്ടിക്കുള്ളിലെ ഭിന്നിപ്പു പരിഹരിക്കുന്നതിന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് യോഗം നടക്കുക.
ശര്‍മ ഒലിയും പാര്‍ട്ടി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പ്രചണ്ഡയും തമ്മില്‍ വെള്ളിയാഴ്ച നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ച മൂന്നു മണിക്കൂര്‍ നീണ്ടെങ്കിലും തീരുമാനത്തിലെത്താതെ പിരിയുകയായിരുന്നു. ചര്‍ച്ചയില്‍ ഒലി രാജിവയ്ക്കണമെന്ന് മുന്‍ പ്രധാനമന്ത്രി കൂടിയായ പ്രചണ്ഡ ആവശ്യപ്പെട്ടെങ്കിലും ശര്‍മ ഒലി തയാറായില്ല. രാജിയൊഴികെ പാര്‍ട്ടിയെ രക്ഷിക്കാന്‍ മറ്റെന്തു തീരുമാനത്തിനും താന്‍ തയാറാണെന്ന് പ്രധാനമന്ത്രി അറിയിച്ചതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടിയില്‍ ഒരാള്‍ക്ക് ഒരു പദവിയേ പാടുള്ളൂവെന്നതാണ് പ്രചണ്ഡയുടെ നിലപാട്. പ്രധാനമന്ത്രിയായ ഒലി നിലവില്‍ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കൂടിയാണ്.
തന്നെ പുറത്താക്കാന്‍ എംബസികളിലും ഹോട്ടലുകളിലും പല പ്രവര്‍ത്തനങ്ങളും നടക്കുന്നതായി ഒലി ആരോപിച്ചിരുന്നു. തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നതായി നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് തെളിവൊന്നും ഹാജരാക്കാതിരുന്നത് വിമതര്‍ ആയുധമാക്കി.
നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരു വിഭാഗം ഒലിയെ പിന്തുണയ്ക്കുമ്പോള്‍ മറുവിഭാഗം പ്രചണ്ഡയ്‌ക്കൊപ്പമാണ്. ഒലി വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തപക്ഷം പാര്‍ട്ടി പിളരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പാര്‍ട്ടി പിളരണോ ഒലി രാജിവയ്ക്കണോയെന്ന് തിങ്കളാഴ്ചയിലെ യോഗത്തില്‍ തീരുമാനിക്കും. മുതിര്‍ന്ന നേതാക്കളില്‍ കൂടുതല്‍ പേര്‍ പ്രചണ്ഡയ്‌ക്കൊപ്പമാണെന്നത് ഒലിയെ ആശങ്കയിലാക്കുന്നു. ഇന്ത്യാ വിരുദ്ധ നിലപാടുകാരനായ ഒലിയെ 45 അംഗ സ്റ്റാന്‍ഡിങി കമ്മിറ്റിയിലെ 15 പേര്‍ മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ. 275 അംഗ ജനപ്രതിനിധിസഭയില്‍ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 174 അംഗങ്ങളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."