പനമ്പള്ളിയുടെ മണ്ണിലൂടെ ബെന്നി ബെഹനാന്‍
ചാലക്കുടി: പനമ്പള്ളി ഗോവിന്ദമേനോനും ലീഡറും അടക്കമുള്ളവര്‍ തേര് തെളിച്ച മണ്ണിലൂടെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്റെ പടയോട്ടം. സ്ഥാനാര്‍ഥി പര്യടനത്തിന്റെ ഭാഗമായി കൊരട്ടി, കാടുകുറ്റി, ചാലക്കുടി മേഖലകളിലാണ് സ്ഥാനാര്‍ഥി രണ്ടാംഘട്ട പര്യടനം പൂര്‍ത്തിയാക്കിയത്.
ഖന്ന നഗറില്‍ നിന്നാരംഭിച്ച പര്യടനം കൊരട്ടി ടൗണ്‍ പിന്നിട്ട് പ്രളയബാധിത പ്രദേശങ്ങളിലേക്ക് പ്രവേശിച്ചതോടെ ദുരിതക്കാഴ്ചകളായിരുന്നു എങ്ങും. സ്ഥാനാര്‍ഥി സഞ്ചരിച്ച വഴികളില്‍ പല ഭാഗത്തും നാട്ടുകാര്‍ ദുരിതത്തിന്റെ ബാക്കിപത്രം ചൂണ്ടിക്കാട്ടി. തുറന്ന വാഹനത്തില്‍ സഞ്ചരിച്ച ബെഹനാനെ റോഡരികില്‍ കാത്തു നിന്ന് നാട്ടുകാര്‍ പ്രളയ ദുരന്തത്തിന്റെ കെടുതികള്‍ ബോധ്യപ്പെടുത്തി.
ചാലക്കുടി വി.ആര്‍ പുരം ജങ്ഷനില്‍ എത്തിയ സ്ഥാനാര്‍ഥിയെ കാത്തുനിന്നത് പ്രളയ ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികള്‍ ആയിരുന്നു. ഏഴ് കുടുംബങ്ങളാണ് ഇവിടെ ഇപ്പോഴും കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നത്. തീരാദുരിതമാണ് പ്രളയം ഇവര്‍ക്ക് സമ്മാനിച്ചത്. നിറകണ്ണുകളോടെയാണ് അമ്മമാരും കുട്ടികളും ഹൃദയനൊമ്പരം സ്ഥാനാര്‍ഥിയോട് പങ്ക് വച്ചത്.
2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കൊല്ലപ്പെട്ട ഉണികൃഷ്ണന്റെ വിധവയും കുട്ടികളും സ്ഥാനാര്‍ഥിയെ ആശിര്‍വദിക്കാന്‍ വി.ആര്‍ പുരം ജങ്ഷനില്‍ എത്തിയിരുന്നു. കൊരട്ടിപള്ളി, പേരാമ്പ്ര, കനകമല, കൊപ്രക്കളം, കൊടകര, പോട്ട, ആശുപത്രി ജങ്ഷന്‍,റെയില്‍വേ ജങ്ഷന്‍ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം കെ.എസ്.ആര്‍.ടി.സി ജങ്ഷനില്‍ റോഡ് ഷോയോടെ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."