ബ്രിട്ടീഷ് വിദേശ-ബ്രെക്സിറ്റ് മന്ത്രിമാര്‍ രാജിവച്ചു
ലണ്ടന്‍: ബ്രിട്ടനെ രാഷ്ട്രീയ പ്രതിസന്ധിയിലേക്കു നയിച്ച് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്സന് രാജിവച്ചു. പ്രധാനമന്ത്രി തെരേസാ മേയുടെ ബ്രെക്സിറ്റ് തന്ത്രത്തെ ചൊല്ലിയുള്ള അഭിപ്രായ ഭിന്നത മൂര്‍ച്ഛിച്ചാണു രാജി. ബ്രെക്സിറ്റ്കാര്യ മന്ത്രി ഡേവിഡ് ഡേവിസ് രാജിവച്ചു മണിക്കൂറുകള്‍ക്കകമാണു രാജിപ്രഖ്യാപനവുമായി ബോറിസ് ജോണ്സന് രംഗത്തെത്തിയത്.
തെരേസാ മേ പുതിയ ബ്രെക്സിറ്റ് പദ്ധതികള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനു തൊട്ടുമുന്നോടിയായാണ് ബോറിസ് ജോണ്‍സന്റെയും ഡെവിഡ് ഡെവിസിന്റെയും രാജി. മേയുടെ പുതിയ ബ്രെക്സിറ്റ് പദ്ധതികള്‍ക്കെതിരേ നിരവധി കണ്‍സര്‍വേറ്റിവ് എം.പിമാര്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. 2016ലെ ബ്രെക്സിറ്റ് വോട്ടെടുപ്പിന്റെ ഫലത്തെ മാനിക്കുന്ന മികച്ച മാര്‍ഗം തയാറാക്കുന്ന കാര്യത്തില്‍ രാജിവച്ച രണ്ടു മന്ത്രിമാരുമായി തനിക്ക് അഭിപ്രായ ഐക്യത്തിലെത്താനായില്ലെന്ന് മേ പ്രതികരിച്ചു.
രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന തെരേസാ മേയ്ക്കു കനത്ത തിരിച്ചടിയാണ് മന്ത്രിമാരുടെ രാജി. ഇതില്‍ ബോറിസ് ജോണ്‍സന്റെ രാജിയാകും അവരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുക. പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പിലേക്കു കാര്യങ്ങളെത്തിയാല്‍ മേയക്കു പിടിച്ചുനില്‍ക്കുക ദുഷ്കരമാകും. അതിനിടെ, മാന്ത്രികസംഖ്യയായ 48 അംഗങ്ങളുള്ള ടോറികള്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."