ഇന്ധനവില വര്‍ധനയും സാമ്പത്തിക രംഗവും
എന്തുകൊണ്ടായിരിക്കും ഇന്ധനവില ഇത്രമേല്‍ വര്‍ധിച്ചത് പലരെയും അത്ഭുതപ്പെടുത്താത്തത്? രണ്ടാഴ്ചയോളം തുടര്‍ച്ചയായി പെട്രോളിനും ഡീസലിനും വിലകൂട്ടിയിട്ടും രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ നടക്കാത്തതും എന്തുകൊണ്ടാണ്? മാര്‍ച്ച് 25നു ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം 22 തവണയാണു ഇന്ധനവില വര്‍ധിപ്പിച്ചത്. 12 തവണ എക്‌സൈസ് നികുതി കൂട്ടിയ വകയില്‍ 18 ലക്ഷം കോടി രൂപ മോദി സര്‍ക്കാര്‍ വാരിക്കൂട്ടിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടിയത് കഴിഞ്ഞ ദിവസമാണ്. അതിനിടെ ഇരട്ടിപ്രഹരമാകുന്ന വിലവര്‍ധനവില്‍ സംസ്ഥാനങ്ങള്‍ ആഹ്ലാദിക്കുകയും ചെയ്യുന്നു.
ലോകമെമ്പാടും ഇന്ധനവില കുറയുമ്പോള്‍ രാജ്യത്തു മാത്രം ദിനംപ്രതി പെട്രോള്‍-ഡീസല്‍ വില കൂടുകയാണ്. രാഷ്ട്രനിര്‍മാണ പ്രക്രിയക്കു വേണ്ടിയാണ് കൊവിഡ് കാലത്തും ഈ വര്‍ധനയെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും പറയുന്നു. കൊവിഡ്കാലത്ത് താറുമാറായ സാമ്പത്തികരംഗം പുനരുജ്ജീവിപ്പിക്കാന്‍ മാര്‍ഗങ്ങള്‍ അന്വേഷിക്കാതെ ഇന്ധനവിലയില്‍ ഹരംകൊള്ളുന്നത് ക്രൂരമായ വിഡ്ഢിത്തമാണ്. എന്നാല്‍ കേരളത്തില്‍നിന്ന് കാബിനറ്റില്‍ സഹമന്ത്രിസ്ഥാനം ലഭിച്ച വി. മുരളീധരന് പറയാനുള്ളത്, പെട്രോളിന് ശരിക്കും വില കുറഞ്ഞിരിക്കുകയാണ് എന്നാണ്. അതിനൊത്ത 'സാമ്പത്തികശാസ്ത്ര' വിശകലനവും സഹമന്ത്രി പറഞ്ഞുതരുന്നുണ്ട്. ഇതിനിടെയാണ് പഴയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത്. മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്ത് ഇന്ധനവില കൂടിയപ്പോള്‍ അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായ ഇദ്ദേഹം തിരുവനന്തപുരത്തു കാളവണ്ടിയില്‍ സഞ്ചരിച്ച് നടത്തിയ പ്രതിഷേധ പ്രകടനം ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
സ്‌കൂട്ടറും മോട്ടോര്‍ സൈക്കിളും കാറുമെല്ലാം സ്വന്തമായുള്ള സമ്പന്നവര്‍ഗത്തിനു പെട്രോള്‍ വിലയിലുള്ള അല്‍പവര്‍ധനയൊക്കെ സഹിക്കാമെന്നു പറയുന്ന ചില അനുയായികളെയും മുരളീധരന്റെ പാര്‍ട്ടിക്കു സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഡീസലിനു കൂടി വില വര്‍ധിക്കുന്നതോടെ ലോറികളിലും ട്രക്കുകളിലുമായി സംസ്ഥാനങ്ങളിലേക്കു വരുന്ന ചരക്കുകള്‍ക്ക് വില കുത്തനെ കൂടുമെന്ന് അവര്‍ക്കു ചിന്തിക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ തന്നെ വര്‍ധിപ്പിച്ച ടിക്കറ്റ് നിരക്കില്‍ ഇനിയും ചര്‍ച്ച നടത്താനൊരുങ്ങുകയാണ് ബസുടമകള്‍.
എണ്ണക്ഷാമം ലോകം മുഴുവന്‍ അനുഭവപ്പെടുന്ന പ്രതിഭാസമാണെന്നതു നേര്. അതുകൊണ്ട് പല രാജ്യങ്ങളും കൂടുതല്‍ വില കൊടുക്കാന്‍ നിര്‍ബന്ധിതമാകുന്നുവെന്നതും സത്യം. വര്‍ഷങ്ങളായി സഊദിയുമായി പൊരുതിനില്‍ക്കുന്ന അയല്‍രാജ്യമായ യെമന്‍, സഊദി എണ്ണശൃംഖലയുടെ മേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളാണു രാജ്യാന്തര തലത്തില്‍ ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണമായി പറയുന്നത്. അഞ്ചു ശതമാനം ഉല്‍പാദനം നിലച്ചുവെന്നും വിലയിരുത്തപ്പെടുന്നു. ആവശ്യമായ എണ്ണയില്‍ 70 ശതമാനവും ഇറക്കുമതി ചെയ്യേണ്ടതുള്ള ഇന്ത്യയുടെ സ്ഥിതി മനസിലാക്കാവുന്നതു തന്നെ.
എന്നാല്‍, പെട്രോളിയത്തെ ചരക്കുസേവന നികുതിക്ക് (ജി.എസ്.ടി) പുറത്തു നിര്‍ത്തി വില നിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്കു നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. എക്‌സൈസ് നികുതി മാത്രം സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നു. അതേസമയം എണ്ണയ്ക്ക് പൊതുവെ ക്ഷാമമുള്ളതിനാല്‍ ഉപഭോഗം കുറയ്ക്കാനാണു വില കൂട്ടുന്നതെന്ന് എണ്ണക്കമ്പനികളും പറയുന്നു. ഒടുവില്‍, തിക്തഫലം അനുഭവിക്കേണ്ടത് സാധാരണക്കാരന്‍ തന്നെ. ഓര്‍ക്കേണ്ട മറ്റൊരു കാര്യം, രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിനു 19 രൂപ മാത്രം വില വരുമ്പോള്‍ ഇവിടെ 80 രൂപയാണ് ഈടാക്കുന്നത്. ഭീമമായ നികുതി വര്‍ധനയാണ് ഇതിനു കാരണം. മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം ആറുവര്‍ഷങ്ങള്‍ക്കിടയില്‍ അഡിഷണല്‍ ടാക്‌സ് എന്നും അതിനു പുറമെ സ്‌പെഷല്‍ അഡിഷണല്‍ ടാക്‌സ് എന്നുമുള്ള പേരുകളില്‍ വന്‍ നികുതിയാണ് ഈടാക്കുന്നത്.
നികുതിയും നികുതിക്കുമേല്‍ നികുതിയുമായി കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരെ പുറത്തുനിര്‍ത്തുമ്പോള്‍ പിന്നാമ്പുറത്ത് കോര്‍പറേറ്റ് നികുതികള്‍ കുറച്ചുകൊടുക്കുകയാണു ചെയ്യുന്നത്. അംബാനി, അദാനി തുടങ്ങിയ വന്‍കിടക്കാര്‍ നയിക്കുന്ന കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ നല്‍കിവന്നിരുന്ന 30 ശതമാനം നികുതി 15ലേക്ക് വെട്ടിക്കിഴിച്ചിരിക്കുന്നു. അംബാനിയുടെ മൊത്തം സമ്പാദ്യം നാലര ലക്ഷം കോടി രൂപയില്‍ വന്നുനില്‍ക്കുന്ന ഒരവസരത്തിലാണിതെന്ന് ഓര്‍ക്കണം. പത്തുവര്‍ഷം മുന്‍പ് ബാരലിനു 145 ഡോളര്‍ നല്‍കി വാങ്ങിയിരുന്ന അസംസ്‌കൃത എണ്ണയ്ക്ക് ഇന്നത്തെ രാജ്യാന്തരവില 38 ഡോളര്‍ മാത്രമാണ്.
ഉപഭോഗത്തിനു വേണ്ടിയുള്ള എണ്ണയില്‍ 30 ശതമാനം മാത്രമേ ഇന്ത്യയ്ക്കകത്തുള്ളൂ. ഇറക്കുമതി ചെയ്യുന്ന ഏതു സാധനത്തിനുമെന്ന പോലെ ക്രൂഡോയിലിനും എക്‌സൈസ് ഡ്യൂട്ടി കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്നതില്‍ തെറ്റുകാണാനാകില്ല. പെട്രോളിനു മൂന്നു രൂപയും ഡീസലിനു അഞ്ചു രൂപയുമാണ് എക്‌സൈസ് തീരുവ. ഇതില്‍ 58 ശതമാനം കേന്ദ്രത്തിനും 42 ശതമാനം സംസ്ഥാനങ്ങള്‍ക്കുമാണു ലഭിക്കുക. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം ജനസംഖ്യാടിസ്ഥാനത്തിലാണ് നല്‍കപ്പെടുന്നത്. കേരളത്തിനു പെട്രോളിനു നാലു പൈസയും ഡീസലിനു ആറു പൈസയുമാണു നിലവില്‍ ലഭിക്കുന്നത്. ഇതുകൊണ്ടാണ് കാര്യമായ പതിഷേധസ്വരങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉയര്‍ന്നുവരാത്തത്. തെരുവുകളില്‍ സാധാരണക്കാര്‍ സാധ്യമാകുംവിധം ഇന്ധനവില കൊള്ളയ്‌ക്കെതിരേ മുഷ്ടിചുരുട്ടുമ്പോള്‍ അതിനെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലാണു സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങള്‍.
സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്ത് ഇന്ത്യയില്‍ പെട്രോള്‍ വില ലിറ്ററിനു 27 പൈസ മാത്രമായിരുന്നുവെന്ന ചരിത്രം തല്‍ക്കാലം മറക്കാം. എന്നാല്‍ പത്തു വര്‍ഷം മുന്‍പ് പന്ത്രണ്ടേ കാല്‍ രൂപയ്ക്കു ലഭിച്ചിരുന്ന പെട്രോളിനു ഇന്ന് 80നടുത്തായി എന്നത് അത്ഭുതപ്പെടുത്തേണ്ടതല്ലേ. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കു ലോകത്ത് ഏറ്റവുമധികം നികുതി ചുമത്തുന്ന രാഷ്ട്രമാണ് ഇന്ത്യ. ഇന്ത്യയില്‍ 69 ശതമാനമാണെങ്കില്‍ തൊട്ടടുത്ത ഇറ്റലി 64 ശതമാനത്തിലും ഫ്രാന്‍സും ജര്‍മനിയും 63 ശതമാനത്തിലും ഒതുക്കിനിര്‍ത്തുന്നു. ഇന്ത്യയേക്കാള്‍ ഏറെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രാജ്യങ്ങളാണവ. അമേരിക്കയില്‍ ഈ നികുതി 19 ശതമാനം മാത്രമാണ്. മോദിഭരണം ആറു വര്‍ഷം പിന്നിടുമ്പോള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ ഭാവി വിലവിവരങ്ങള്‍ അനുമാനിക്കാനും സാധ്യമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."