HOME
DETAILS
MAL
വെസ്റ്റ്ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ നിര്‍ത്തിവയ്പ്പിച്ചത് ട്രംപ്
backup
July 06 2020 | 01:07 AM
ജറൂസലം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ കൂടുതല്‍ ഭാഗങ്ങള്‍ ഇസ്‌റാഈലിനോട് കൂട്ടിച്ചേര്‍ക്കാനുള്ള പദ്ധതിക്ക് തടയിട്ടത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപെന്ന് വെളിപ്പെടുത്തല്‍.
ഇസ്‌റാഈല്‍ പാര്‍ലമെന്റായ നെസറ്റിലെ മുന്‍ സ്പീക്കര്‍ അബ്രഹാം ബോര്‍ഗാണ് ഇറ്റാലിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ജോര്‍ദാന്‍ താഴ്‌വരയും വെസ്റ്റ് ബാങ്കും കൂട്ടിച്ചേര്‍ക്കുന്ന പദ്ധതി നടപ്പാക്കാന്‍ നെതന്യാഹുവിനെ സഹായിക്കാന്‍ ട്രംപിന് സമയമില്ല. രണ്ടുപേരും ആത്മരതിയില്‍ കഴിയുന്നവരാണ്.
അധികാരത്തില്‍ തുടരാനും സ്വന്തം താല്‍പര്യത്തിനുമായി എന്തിനും തയാറായ മനസ്സാക്ഷിക്കുത്തോ ധാര്‍മികതയോ ഇല്ലാത്ത ആളുകളാണ് അവര്‍- അദ്ദേഹം പറഞ്ഞു.
വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ ഇനി എന്ന് നടക്കുമെന്ന ചോദ്യത്തിന് അസാധ്യമല്ലെങ്കിലും അത് ഏറെ പ്രയാസകരമാണെന്നായിരുന്നു മറുപടി. കാരണം ഈ പദ്ധതിയില്‍ സുതാര്യതയില്ല. ഇതിന്റെ വിശദാംശം ആര്‍ക്കുമറിയില്ല- അബ്രഹാം ബോര്‍ഗ് വ്യക്തമാക്കി.
വെസ്റ്റ് ബാങ്കിലും ജോര്‍ദാന്‍ വാലിയിലുമുള്ള എല്ലാ പാര്‍പ്പിടകേന്ദ്രങ്ങളും ജൂലൈ ഒന്നുമുതല്‍ രാജ്യത്തോട് കൂട്ടിച്ചേര്‍ക്കുമെന്നായിരുന്നു ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു തറപ്പിച്ചു പറഞ്ഞിരുന്നത്. യു.എസില്‍ നിന്നുള്‍പ്പെടെ അന്താരാഷ്ട്ര തലത്തില്‍ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് നീക്കം തല്‍ക്കാലം നിര്‍ത്തിവച്ചത്. അന്താരാഷ്ട്ര നിയമപ്രകാരം വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറൂസലമും ഇസ്‌റാഈല്‍ അധിനിവേശപ്പെടുത്തിയ പ്രദേശങ്ങളാണ്. അവിടെ ജൂത പാര്‍പ്പിടകേന്ദ്രങ്ങള്‍ പണിതത് നിയമവിരുദ്ധമായാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."