സ്വര്‍ണക്കടത്തിലെ ആരോപണത്തിന് ബി.ജെ.പിക്ക് മുഖ്യമന്ത്രിയുടെ മറുപടി: എന്ത് അസംബന്ധവും വിളിച്ചു പറയരുത്, കേസില്‍ ആരും രക്ഷപ്പെടില്ല
തിരുവനന്തപുരം: ഏതെങ്കിലും സംഭവമുണ്ടായാല്‍ മുഖ്യമന്ത്രിയെയും ഓഫീസിനേയും എങ്ങനെയെങ്കിലും പെടുത്താമെന്നത് ചിലരുടേത് വ്യോമോഹം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ ഭാഗമായാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ ആരോപണം. എന്ത് അസംബന്ധവും വിളിച്ചുപറയാനുള്ള നാക്കുണ്ടെന്ന് കരുതി എന്തും വിളിച്ച് പറയരുതെന്നും അതൊന്നും പൊതുസമൂഹത്തിന് ചേര്‍ന്ന കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ കേസ് അന്വേഷിക്കുന്നത് കസ്റ്റംസാണെന്ന് അദ്ദേഹം മനസിലാക്കണം. അവരത് കൃത്യമായി അന്വേഷിക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫിസ് എന്താണെന്ന് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്.
തെറ്റ് ചെയ്ത ഒരാളെയും സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. അത് കളങ്കപ്പെടുത്താന്‍ സുരേന്ദ്രന്റെ നാവ് കൊണ്ട് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ആരും രക്ഷപെടുന്ന നില ഉണ്ടാകില്ല. അത്തരം ആളുകളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുക എന്നതാണ് ഏറ്റവും പ്രധാനം. തെറ്റ് ചെയ്യുന്നവര്‍ക്കെതിരേ മറ്റ് ദുരാരോപണങ്ങള്‍ ഉന്നയിച്ച് പരിരക്ഷ നല്‍കുന്നത് ബിജെപി സംസ്ഥാന പ്രസിഡന്റിനെ പോലുള്ളവര്‍ സ്വീകരിക്കരുത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഏറ്റവും വലിയ സ്വര്‍ണക്കടത്താണ് നടന്നത്. അത് ഫലപ്രദമായി കണ്ടെത്തിയവരേയും അതിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് തന്നെയാണ് മനസിലാക്കുന്നത്. ശരിയായ രീതിയില്‍ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്താനും നിയമത്തിന്റെ കരങ്ങളില്‍ എത്തിക്കാനും അന്വേഷണ സംഘത്തിന് കഴിയുമെന്നുമാണ് വിശ്വസിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."