ഹജ്ജ് 2017: തീര്‍ഥാടകരുടെ താമസത്തിന് ഒരുങ്ങുന്നത് 35 ലക്ഷം കിടക്കകള്‍
റിയാദ്: ഈ വര്‍ഷം മക്കയിലെത്തുന്ന ഹജ്ജ് തീര്‍ഥാടകര്‍ക്ക് 35 ലക്ഷത്തിലധികം കിടക്ക സൗകര്യമുള്ള താമസ സൗകര്യമൊരുക്കുമെന്ന് ഹജ്ജ് താമസകാര്യ കെട്ടിട സമിതി മേധാവി എന്‍ജിനീയര്‍ മാസിന്‍ മുഹമ്മദ് സിനാരി പറഞ്ഞു. മക്കയില്‍ ഇത്രയും സൗകര്യമൊരുക്കാനുള്ള കെട്ടിടങ്ങളുണ്ട്. ഇതിനകം 11 ലക്ഷം കിടക്ക സൗകര്യങ്ങളുള്ള 2,300 കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
താമസ കെട്ടിടങ്ങള്‍ നല്‍കുന്നതിനായി മന്ത്രാലയം നടപ്പാക്കിയ ഇ-പദ്ധതി പ്രകാരം വളരെ എളുപ്പത്തില്‍ ലൈസന്‍സ് പ്രക്രിയകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നുണ്ട്. റജബ് മാസം അവസാനിക്കുന്നതിന് മുമ്പ് ഹജ്ജ് കെട്ടിട ലൈസന്‍സിനുള്ള നടപടികള്‍ ഉടമകള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന് ഹജ്ജ് കെട്ടിട സമിതി നേരത്തെ തന്നെ കെട്ടിട ഉടമകളെ അറിയിച്ചിരുന്നു.
ദുല്‍ഹജ്ജ് വരെ കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുമെന്നും ഹജ്ജ് കെട്ടിട താമസ മേധാവി പറഞ്ഞു. ഹജ്ജ് താമസ നടപടികള്‍ക്കായി മക്കയില്‍ 34 അംഗീകൃത എന്‍ജിനീയറിങ് കണ്‍സല്‍ട്ടിങ് ഓഫിസുകളും താമസ കേന്ദ്രങ്ങളുടെയും ലൈസന്‍സുകളുടെയും പരിശോധനക്ക് 22 സംഘങ്ങളുമുണ്ട്.
ലൈസന്‍സിന്റെ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതലാക്കുന്ന കാര്യം പഠിച്ചുവരികയാണെന്നും ഹജ്ജ് താമസ കെട്ടിട സമിതി അറിയിച്ചു. ഒരോ തീര്‍ഥാടകനും നിശ്ചിത സ്ഥലമുണ്ടെണ്ടന്ന് സമിതി ഉറപ്പുവരുത്തുമെന്നും കെട്ടിട സമിതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."