കച്ചേറ്റികുന്ന് റോഡിനോടുള്ള അവഗണന തുടരുന്നു
അഞ്ചാംമൈല്‍: അഞ്ചാംമൈല്‍ കച്ചേറ്റികുന്ന് കോളനി റോഡിനോടുള്ള പഞ്ചായത്തിന്റ് അവഗണന വര്‍ഷങ്ങള്‍ പിന്നിടുന്നു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍പ്പെട്ട ഈ റോഡിനോട് മാറി മാറി വരുന്ന ഭരണ സമിതികള്‍ തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. 22 വര്‍ഷം മുന്‍പ് മണ്‍ റോഡ് നിര്‍മിച്ചതല്ലാതെ പിന്നീട് യാതൊരു വിധ പ്രവര്‍ത്തികളും നടത്തിയിട്ടില്ല.
കാലവര്‍ഷം കൂടി ആരംഭിച്ച തൊടെ കാല്‍ നടയാത്ര പോലും ദുഷ്‌ക്കരമായിരിക്കുകയാണ്. രണ്ടു കി.മീ ദൂരം വരുന്ന റോഡിന്റെ 600 മീറ്റര്‍ ഭാഗം വര്‍ഷങ്ങള്‍ക്ക് മുന്‍പ് എം.എല്‍.എ ഫണ്ടിലും, പഞ്ചായത്ത് ഫണ്ടിലും ഉള്‍പ്പെടുത്തി ടാറിങ് നടത്തിയതല്ലാതെ പിന്നീട് റോഡിനെ തീര്‍ത്തും അവഗണിച്ചു.
അഞ്ചാംമൈലില്‍ നിന്നും ദ്വാരകയിലേക്കുള്ള എളുപ്പവഴി കുടിയാണിത്. ദ്വാരക ഹൈസ്‌കൂള്‍, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളിലേക്കെല്ലാം നിരവധി പേരാണ് നിത്യേന ഇതിലൂടെ യാത്ര ചെയ്യുന്നത്. 70ഓളം കുടുംബങ്ങളുടെയും രണ്ട് കോളനിവാസികളുടെയും ഏക ആശ്രയമായ റോഡാണ് ചളിക്കുളമായി മാറിയിരിക്കുന്നത്.
അവശതയനുഭവിക്കുന്നവരും, രോഗികളായവരുമായ ആളുകള്‍ ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. ഇവരെ ആശുപത്രികളിലും മറ്റും എത്തിക്കാന്‍ അതിസാഹസികമായി ചുമന്ന് കൊണ്ട് പോവുകയാണ് ചെയ്യുന്നത്. വിദ്യാര്‍ഥികളും ഏറെ ബുദ്ധിമുട്ടിയാണ് ഇതിലൂടെ യാത്ര ചെയ്യുന്നത്.
അടിയന്തിരമായി റോഡ് ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."