പാനൂര്‍ മേഖലയിലെ ക്വാറി സ്തംഭനം: തൊഴിലാളി യൂനിയനുകള്‍ സമരത്തിലേക്ക്
പാനൂര്‍: കുന്നോത്തുപറമ്പ്,തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പരിധിയിലെ കരിങ്കല്‍ ക്വാറി, ക്രഷര്‍ മേഖലയിലെ തൊഴില്‍ സ്തംഭനം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂനിയനുകള്‍ സംയുക്തമായി പ്രക്ഷോഭമാരംഭിക്കും. നാളെ ഈസ്റ്റ് പാറാട് നിന്നാരംഭിക്കുന്ന ജനകീയ പ്രകടനത്തോടെ സമരമാരംഭിക്കും. കുന്നോത്തുപറമ്പ് പഞ്ചായത്ത് പരിസരത്ത് വിശദീകരണ യോഗവും നടക്കും. ഐ.എന്‍.ടി.യു സി അഖിലേന്ത്യ സെക്രട്ടറി കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു പാനൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറി ഇ വിജയന്‍ അധ്യക്ഷനാകും.
മേഖലയിലെ നിയമ വിധേയമായ 65 ക്വാറികള്‍ അടഞ്ഞുകിടക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് തൊഴിലാളികള്‍ തൊഴില്‍ രഹിതരാണെന്നും, സാമ്പത്തിക, നിര്‍മാണ മേഖലകളെ സാരമായി ബാധിച്ചതായും സമരസമിതി നേതാക്കള്‍ പറഞ്ഞു. ഉത്തരേന്ത്യയിലെ വന്‍കിട ഖനങ്ങള്‍ക്ക് മാത്രമുണ്ടായിരുന്ന പരിസ്ഥിതി അനുമതി മാര്‍ഗനിര്‍ദേശം ചെറുകിട ക്വാറികള്‍ക്കും കോടതി ബാധകമാക്കിയതാണ് പ്രതിസന്ധിക്കു കാരണമെന്ന് നേതാക്കള്‍ പറഞ്ഞു.
പരിസ്ഥിതിക്കു കോട്ടം തട്ടാതെ നിയമപരമായി പ്രവര്‍ത്തിക്കാനാവശ്യമായ അനുമതി ലഭിക്കണമെന്നാണ് സമര സമിതിയുടെ ആവശ്യമെന്ന് സംയുക്ത സമരസമിതി കണ്‍വീനര്‍ വി.പി.നാണു, ട്രേഡ് യൂനിയന്‍ പ്രതിനിധികളായ കെ.ടി ശ്രീധരന്‍, സി. കെ.ബി. തിലകന്‍, ടി.പി ഉത്തമന്‍,കെ.പി മൂസഹാജി, സി അശോകന്‍, കെ.കെ ജയചന്ദ്രന്‍,ടി. സി ശ്രീധരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."