ക്വാറിയിലെ മണ്ണ് കൃഷിയിടങ്ങളിലേക്ക് ഒഴുകിയെത്തി
പേരാവൂര്‍: ഇരുപത്തേഴാം മൈലില്‍ കുന്നിന് മുകളിലുള്ള ക്വാറിയില്‍ അനധികൃതമായി കൂട്ടിയിട്ട മണ്ണ് കനത്ത മഴയില്‍ ഒഴുകിയെത്തി കൃഷിയിടങ്ങളില്‍ നാശം. കണിച്ചാര്‍ പഞ്ചായത്തിലെ വെള്ളറ പ്രദേശത്തെ ഏതാനും കൃഷിയിടങ്ങളിലാണ് കല്ലും മണ്ണും ഒഴുകിയെത്തിയത്. ഇനിയും മണ്ണൊഴുകിയെത്തി അപകടമുണ്ടായേക്കുമെന്ന ഭീതിയിലാണ് പ്രദേശത്തെ നിരവധി കുടുംബങ്ങള്‍.
ക്വാറിയില്‍ രണ്ടിടങ്ങളില്‍ അനധികൃതമായി കൂട്ടിയിട്ട കൂറ്റന്‍ മണ്ണ് ശേഖരങ്ങളിലൊന്നാണ് കനത്ത മഴയെത്തുടര്‍ന്ന് ഞായറാഴ്ച രാത്രി താഴേക്ക് ഒഴുകിയെത്തിയത്. മഴ തുടര്‍ന്നാല്‍ ബാക്കിയുള്ളതു കൂടി താഴേക്ക് ഒഴുകി അപകടമുണ്ടാവും. മലമുകളില്‍ ആരംഭിക്കുന്ന കാഞ്ഞിരപ്പുഴയുടെ ഉറവ ഒഴുകിയെത്തുന്ന കൈവഴിക്ക് മുകളിലാണ് അനധികൃതമായി മണ്ണ് കൂട്ടിയിട്ടതെന്ന് പാറമടക്കെതിരേ സമരം ചെയ്യുന്ന ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു. ഇത് കാരണം പുഴ വഴിമാറിയാണ് ഒഴുകുന്നത്. ഇതും അപകടത്തിന് കാരണമാവുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണം. സംഭവസ്ഥലം കലക്ടറും റവന്യൂ അധികൃതരും സന്ദര്‍ശിച്ച് ജനങ്ങളുടെ ഭീതിയകറ്റാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി നേതാക്കളായ സതീഷ് റോയല്‍, ജിസ് വട്ടമറ്റം എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."