തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ കാരുണ്യ ഫാര്‍മസി ഉദ്ഘാടനം വൈകുന്നു
തളിപ്പറമ്പ് : തളിപ്പറമ്പ് താലൂക്ക് ആശുപത്രി വളപ്പില്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയായിട്ടും കാരുണ്യ ഫാര്‍മസി ഉദ്ഘാടനം വൈകുന്നു. കെട്ടിട നമ്പര്‍ ലഭിക്കാത്തതിനാല്‍ വൈദ്യുതീകരണം വൈകുന്നതാണ് കാരണമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഡ്രഗ് ലൈസന്‍സും ലഭിച്ചിട്ടില്ല.
മരുന്നുകള്‍ സൂക്ഷിക്കുന്നതിനുളള റാക്കുകളും, ഫര്‍ണ്ണിച്ചറുകളും കംപ്യൂട്ടറും മറ്റു അനുബന്ധ ഉപകരണങ്ങളും ലഭിച്ചിട്ടുണ്ട്. പ്രീഫാബ് സാങ്കേതിക വിദ്യയില്‍ നിര്‍മിതി കേന്ദ്രക്കു കീഴില്‍ കാക്ടെക് പ്രൊഫൈല്‍ എന്ന സ്ഥാപനമാണ് കാരുണ്യ ഫാര്‍മസിക്കു വേണ്ടി താലൂക്ക് ആശുപത്രിയുടെ മുന്‍വശത്ത് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
പുറമെയുളള കാലാവസ്ഥ വ്യതിയാനങ്ങള്‍ പ്രതികൂലമാകാതെ മരുന്നുകള്‍ സൂക്ഷിക്കുന്നതിനുളള എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നിര്‍മിച്ച കെട്ടിടം മുഴുവനായും ശീതീകരിക്കും.
സംസ്ഥാനത്താകെ 300 കാരുണ്യ കമ്യൂണിറ്റി ഫാര്‍മസികള്‍ തുടങ്ങാനാണു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഫാര്‍മസി കേരള മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷനാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
കണ്ണൂര്‍ ജില്ലയില്‍ ആറു കാരുണ്യ ഫാര്‍മസികളാണ് അനുവദിച്ചത്. ഇതില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രി, പയ്യന്നൂര്‍, കൂത്തുപറമ്പ് താലൂക്ക് ആശുപത്രികള്‍, തലശേരി എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ തളിപ്പറമ്പ്, പാനൂര്‍ എന്നിവിടങ്ങളിലാണ് ഉദ്ഘാടനം വൈകുന്നത്.
പൊതുമാര്‍ക്കറ്റിലേതിനെക്കാള്‍ 20 മുതല്‍ 93 ശതമാനം വരെ വിലക്കുറവില്‍ മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും എ.പി.എല്‍,ബി.പി.എല്‍ വ്യത്യാസമില്ലാതെ ലഭ്യമാക്കുന്ന കാരുണ്യ ഫാര്‍മസിയില്‍ ഇന്ത്യയിലേതടക്കമുള്ള ബഹുരാഷ്ട്ര കമ്പനികളുടെ ഗുണനിലവാരമുള്ള മരുന്നുകളാണു വിതരണം ചെയ്യുന്നത്.
ജലദോഷം, പനി തുടങ്ങി കരള്‍ രോഗികള്‍ക്കുള്ള പെഗാസിസ്,പി.എഫ്.എസ്, കാന്‍സര്‍ രോഗികള്‍ക്കുള്ള ആല്‍സിക് ഇഞ്ചക്ഷന്‍, ടെമോടെക് ഗുളിക, ഡയാലിസിസിനു വിധേയരാക്കുന്നവര്‍ ഉപയോഗിക്കുന്ന എറിപ്രോ4000 ഇന്‍ജക്ഷന്‍, ആന്റിബയോട്ടിക്കായ മെറോപ്ലാന്‍ ഇന്‍ജക്ഷന്‍ തുടങ്ങി എല്ലാത്തരം മരുന്നുകളും, മെഡിക്കല്‍ ഉപകരണങ്ങളും കാരുണ്യ വഴി ലഭിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിധത്തില്‍ ക്രമീകരിക്കുന്ന ഫാര്‍മസിയിയില്‍ കാരുണ്യ സ്‌കീം വഴി രോഗികള്‍ക്കു വിതരണം ചെയ്യുന്ന വിവിധ ഫണ്ടുകളും കൈകാര്യം ചെയ്യും.
സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനകരമായ കാരുണ്യ ഫാര്‍മസി ഉദ്ഘാടനം വൈകുന്നതിനു കാരണം സ്വകാര്യ ഫാര്‍മസി ലോബികളുടെ ഇടപെടലാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."