ഗുജറാത്തിനെ വീഴ്ത്തി പഞ്ചാബ്
രാജ്‌കോട്ട്: ഗുജറാത്ത് ലയണ്‍സിനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തി കിങ്‌സ് ഇലവന്‍ പഞ്ചാബ് ഐ.പി.എല്ലിലെ മൂന്നാം വിജയം സ്വന്തമാക്കി. 26 റണ്‍സിന് കീഴടക്കിയാണ് ഏഴാം മത്സരത്തില്‍ പഞ്ചാബ് വിജയിച്ചത്. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഗുജറാത്ത് അഞ്ചാം തോല്‍വിയാണ് നേരിട്ടത്. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തപ്പോള്‍ വിജയം തേടിയിറങ്ങിയ ഗുജറാത്തിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്.
ഗുജറാത്തിന് തുടക്കത്തില്‍ തന്നെ ബ്രണ്ടന്‍ മെക്കല്ലത്തെ നഷ്ടമായി. രണ്ടാമനായി ക്രീസിലെത്തിയ നായകന്‍ റെയ്‌ന ഒരറ്റത്ത് നിന്ന് പതിയ മത്സരം തിരിച്ചു പിടിക്കാനുള്ള ശ്രമം നടത്തി. അതിനിടെ 13 റണ്‍സുമായി മറ്റൊരു ഓപണറായ ആരോണ്‍ ഫിഞ്ചും മടങ്ങി. മൂന്നാമനായി ദിനേഷ് കാര്‍ത്തിക്ക് റെയ്‌നക്ക് കൂട്ടായെത്തിയതോടെ ഗുജറാത്ത് പിടിച്ചു നിന്നു. എന്നാല്‍ 24 പന്തില്‍ 32 റണ്‍സുമായി മികവിലേക്ക് കുതിക്കുന്നതിനിടെ റെയ്‌ന അപ്രതീക്ഷിതമായി വിക്കറ്റ് നല്‍കി മടങ്ങിയത് അവരെ വീണ്ടും ബാധിച്ചു. പിന്നാലെ തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത് ഗുജറാത്തിന്റെ തകര്‍ച്ചയുടെ ആക്കം കൂട്ടുകയും ചെയ്തു. എട്ടാമനായി ക്രീസിലെത്തിയ ആന്‍ഡ്രു ടൈ നേരിയ പ്രതീക്ഷ സമ്മാനിച്ച് കാര്‍ത്തിക്കിനൊപ്പം പോരാട്ടം പഞ്ചാബ് ക്യാംപിലേക്ക് നയിച്ചെങ്കിലും അതും വിജയം കണ്ടില്ല.
12 പന്തില്‍ 22 റണ്‍സെടുത്ത ടൈയെ സന്ദീപ് ശര്‍മ ക്ലീന്‍ ബൗള്‍ഡാക്കി. ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞപ്പോഴും അക്ഷോഭ്യനായി നിലകൊണ്ട കാര്‍ത്തിക് 44 പന്തില്‍ 58 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ആറ് ഫോറുകള്‍ സഹിതമാണ് താരം അര്‍ധ സെഞ്ച്വറി നേടിയത്. മലയാളി താരം ബേസില്‍ തമ്പി 11 റണ്‍സുമായി പുറത്താകാതെ നിന്നു. പഞ്ചാബിനായി സന്ദീപ് ശര്‍മ, അക്‌സര്‍ പട്ടേല്‍, കരിയപ്പ എന്നിവര്‍ രണ്ടും മോഹിത് ശര്‍മ ഒരു വിക്കറ്റും നേടി.
ടോസ് നേടി ഗുജറാത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ കളിയില്‍ സെഞ്ച്വറി നേടിയ ഹാഷിം അംല ഇത്തവണയുടെ പഞ്ചാബ് ഇന്നിങ്‌സിന്റെ നെടുംതൂണായി. 40 പന്തില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സും പറത്തി അംല 65 റണ്‍സെടുത്തു. ഷോണ്‍ മാര്‍ഷ് 24 പന്തില്‍ നാല് ഫോറും ഒരു സിക്‌സുമടക്കം 30 റണ്‍സും നായകന്‍ മാക്‌സ്‌വല്‍ 18 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും സഹിതം 31 റണ്‍സും അക്‌സര്‍ പട്ടേല്‍ 17 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 34 റണ്‍സും അടിച്ചെടുത്ത് പഞ്ചാബ് സ്‌കോര്‍ 188 റണ്‍സിലെത്തിച്ചു.
ഗുജറാത്ത് നിരയില്‍ ആന്‍ഡ്രു ടൈ രണ്ട് വിക്കറ്റ് വീഴ്ത്തി. അംലയാണ് കളിയിലെ താരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."