കൊവിഡ് ഭീതി വീണ്ടും ഉയരത്തിലേക്ക്: ഇന്ന് 272 പേര്‍ക്ക് കൊവിഡ്, ഒരു മരണം: സമ്പര്‍ക്ക രോഗവും അതിവേഗം കുതിക്കുന്നു
തിരുവനന്തപുരം: കൊവിഡ് ഭീതി വീണ്ടും ഉയരത്തിലേക്കു കുതിക്കുന്നു. സംസ്ഥാനത്ത് ഇന്നുവരേയില്ലാത്തത്ര രോഗികള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 272 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരേയുണ്ടായതില്വെച്ചേറ്റവും വലിയ പ്രതിദിന കണക്കാണിത്. അതേ സമയം 111 പേര്‍ക്ക് രോഗമുക്തിയുണ്ടായി.
എന്നാല്‍ സമ്പര്‍ക്ക രോഗം വീണ്ടും ബഹുദൂരം മുന്നേറുകയാണ്. 35 പേര്‍ക്കായിരുന്നു ഇന്നലെ സമ്പര്‍ക്കം മൂലമുള്ള കൊവിഡ് കേസുകള്‍ എങ്കില്‍ ഇന്ന് 68 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.
ഇന്ന് രോഗം ബാധിച്ചവരില്‍ 157 പേര് വിദേശങ്ങളില്‍ നിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരിലെ 38 പേര്‍ക്കും രോഗബാധയുണ്ടായി.
സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളതെന്നും നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തി മാത്രമേ ഈ വെല്ലുവിളിയെ നമുക്ക് നേരിടാനാവുകയുള്ളൂവെന്നും മുഖ്യ മന്ത്രി പിണറായി വിജയന് പറഞ്ഞു. സുരക്ഷാ ക്രമീകരണം പാലിക്കാത്തതുകൊണ്ടാണ് സമ്പര്‍ക്ക രോഗവ്യാപനം ക്രമാതീതമായി കൂടാന്‍ ഇടയാക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ന് ഫലം പോസിറ്റീവായവര്‍ മലപ്പുറം 63, തിരുവനന്തപുരം 54,പാലക്കാട് 29, കണ്ണൂര്‍ 19, ആലപ്പുഴ 18, കോഴിക്കോട് 15, കാസര്‍ഗോഡ് 13, പത്തനംതിട്ട 12,കൊല്ലം 11, തൃശൂര്‍ 10, കോട്ടയം 3 ,വയനാട് 3, ഇടുക്കി ഒന്ന് എന്നിങ്ങനെയാണ്.
169 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്താകെ ഉള്ളത്. പുതിയതായി 18 ഹോട്ട് സ്പോട്ടുകള്‍ കൂടി ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 7516 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് മാത്രം 378 പേരെ ആശുപത്രിയിലാക്കി. 3034 പേര് ആശുപത്രിയില്‍ കഴിയുന്നുണ്ട്. 5454 സാമ്പിളുകളുടെ പരിശോധന ഫലം ഇനിയും വരാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."